ബന്ധുക്കളെക്കുറിച്ച് വിവരങ്ങള്‍ ലഭ്യമല്ലാത്തവരും ഇതരസംസ്ഥാനക്കാരും സ്വന്തം പേരുപോലും ഓര്‍മയില്ലാത്തവരും അടക്കം 25 പേര്‍; അതിഥികളെ സ്വാഗതം ചെയ്ത് പത്തനാപുരം ഗാന്ധിഭവന്‍
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജായ ശേഷവും ബന്ധുക്കള്‍ ഏറ്റെടുക്കാനില്ലാതെ കഴിഞ്ഞിരുന്നവരെ പത്തനാപുരം ഗാന്ധിഭവന്‍ ഇന്റര്‍നാഷണല്‍ ട്രസ്റ്റിലേയ്ക്ക് പുനരധിവസിപ്പിച്ചു. സാമൂഹ്യനീതി വകുപ്പിന്റെ വയോരക്ഷാ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് 21 പുരുഷന്മാരും 4 സ്ത്രീകളുമുള്‍പ്പെടെ 25 പേരെ പത്തനാപുരം ഗാന്ധിഭവന്‍ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയത്. ബന്ധുക്കളെക്കുറിച്ച് വിവരങ്ങള്‍ ലഭ്യമല്ലാത്തവരും ഇതരസംസ്ഥാനക്കാരും സ്വന്തം പേരുപോലും ഓര്‍മയില്ലാത്തവരും ഇതില്‍ ഉള്‍പെടും.
അസുഖങ്ങള്‍ ഭേദമായ ശേഷവും വീട്ടിലേക്ക് മടങ്ങിപ്പോകാനാവാത്തവരുടെ പ്രയാസം പരിഗണിച്ചാണ് സമ്പൂര്‍ണമായ പുനരധിവാസം ഏറ്റെടുക്കണമെന്ന് സാമൂഹ്യനീതി വകുപ്പ് തീരുമാനമെടുത്തത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഒട്ടേറെ വയോജനങ്ങളെയും രോഗങ്ങള്‍ ഭേദമായവരെയും ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന് (ഒസിബി) കീഴിലുള്ള വിവിധ സ്ഥാപനങ്ങള്‍ ഏറ്റെടുത്തിരുന്നു. ഏറ്റവുമധികം ആളുകളെ ഏറ്റെടുത്തത് പത്തനാപുരത്തെ ഗാന്ധിഭവനാണ്.