അയ്യപ്പസംഗമത്തിനെതിരായി യുഡിഎഫ് ഒന്നും പറഞ്ഞിട്ടില്ല; ന്യൂനപക്ഷ വികസന സദസില്‍ പങ്കെടുക്കുമെന്ന മുസ്ലിം ലീഗ് നിലപാടില്‍ നേതാക്കളുമായി സംസാരിക്കുമെന്നും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്
അയ്യപ്പസംഗമത്തിനെതിരായി യുഡിഎഫ് ഒന്നും പറഞ്ഞിട്ടില്ല
പത്തനംതിട്ട. ന്യൂനപക്ഷ വികസന സദസില്‍ പങ്കെടുക്കുമെന്ന മുസ്ലിം ലീഗ് നിലപാടിനെപ്പറ്റി മലപ്പുറത്തെ നേതാക്കളുമായി സംസാരിക്കുമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എം.പി. യു.ഡി.എഫ് ജില്ലാ പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരിഹരിക്കാന്‍ പറ്റാത്ത ഒരു വിഷയവും സംസ്ഥാന യുഡിഎഫില്‍ ഇല്ല. അയ്യപ്പ സംഗമത്തെപ്പറ്റി എതിരായി യു.ഡി.എഫ് ഒന്നും പറഞ്ഞിട്ടില്ല. യുവതി പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് യു.ഡി.എഫ്-എന്‍.എസ്.എസ് പ്രവര്‍ത്തകര്‍ അടക്കം നിരവധി ആളുകള്‍ക്കെതിരെ കേസ് നിലനില്‍ക്കുകയാണ്. എല്ലാവരുടെയും കേസുകള്‍ പിന്‍വലിക്കണം എന്നതാണ് യു.ഡി.എഫിന്റെ ആവശ്യം. യു.ഡി.എഫ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലം ഇടത് സര്‍ക്കാര്‍ തിരുത്തി നല്‍കിയത് പിന്‍വലിക്കണം എന്നും തങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. യൂ ഡി എഫ് ചൂണ്ടിക്കാട്ടിയ അടിസ്ഥാന പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.