കണ്ണൂര്‍ എ.കെ.ജി ആശുപത്രി മോര്‍ച്ചറിയില്‍ ജീവന്റെ തുടിപ്പുമായി പുറത്ത് വന്ന പവിത്രന്‍ ഒടുവില്‍ മരണത്തിന് കീഴടങ്ങി; വീട്ടില്‍ ചികിത്സയില്‍ കഴിയവേ മരണം
പവിത്രന്‍ ഒടുവില്‍ മരണത്തിന് കീഴടങ്ങി
കണ്ണൂര്‍: കണ്ണൂര്‍ എ.കെ.ജി സ്മാരക ആശുപത്രിമോര്‍ച്ചറിയില്‍ നിന്ന് ജീവന്റെ തുടിപ്പുണ്ടെന്ന് തിരിച്ചറിഞ്ഞ് തീവ്രപരിചരണത്തിലേക്ക് മാറ്റി പിന്നീട് വീട്ടിലേക്ക് മടങ്ങിയെത്തിയ പവിത്രന്‍ മരണമടഞ്ഞു. കുത്തുപറമ്പ് പാച്ചപൊയ്ക സ്വദേശിയാണ് പവിത്രന്‍. കണ്ണൂര്‍ എ.കെ.ജി ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം ജനുവരി 24ന് ഇയാള്‍ ആശുപത്രി വിട്ടിരുന്നു. വീട്ടില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്.
നേരത്തെ ശ്വാസരോഗത്തെ തുടര്‍ന്ന് മംഗലാപുരത്തെ ഹെഗ്‌ഡെ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു പവിത്രന്‍. ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇവിടെ നിന്ന് പവിത്രനെ കണ്ണൂര്‍ എകെജി ആശുപത്രി മോര്‍ച്ചറിയില്‍ കൊണ്ടുവന്നു. മംഗളൂരുവില്‍ നിന്ന് വൈകീട്ട് പുറപ്പെട്ട ആംബുലന്‍സ് രാത്രിയോടെയാണ് കണ്ണൂര്‍ ഹോസ്പിറ്റലില്‍ എത്തിയത്. ആശുപത്രി ചിലവ് ആധികമായതിനാല്‍ പവിത്രനെ നാട്ടിലെ ആശുപത്രിയിലേക്ക് മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു.
വെന്റിലേറ്റര്‍ മാറ്റിയാല്‍ മരണം സംഭവിക്കുമെന്ന് ഹെഗ്‌ഡേ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ബന്ധുക്കളെ അറിയിച്ചിരുന്നു. വെന്റിലേറ്ററില്‍ നിന്നും മാറ്റി നാട്ടിലേക്ക് പുറപ്പെടുന്ന വഴിമധ്യേ പവിത്രന്റെ ശ്വാസം നിലച്ചതായി കണ്ടതോടെ മരിച്ച വിവരം നാട്ടിലെ ബന്ധുക്കളെ അറിയിച്ചു. മോര്‍ച്ചറിയിലേക്ക് കൊണ്ടു പോകും വഴിയാണ് ജീവന്റെ തുടിപ്പ് കണ്ടെത്തിയത്.
മോര്‍ച്ചറിക്ക് മുന്നില്‍ വെച്ച് മോര്‍ച്ചറി അറ്റന്‍ഡര്‍ ജയന്‍ പവിത്രനില്‍ ജീവന്റെ തുടിപ്പ് കാണുകയായിരുന്നു. നാഡിമിടിപ്പുള്ളതായി മനസ്സിലാക്കിയതോടെ ഉടന്‍ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് ഡോക്ടര്‍ പൂര്‍ണിമാറാവുവിന്റെ ചികിത്സയില്‍ ആരോഗ്യ നിലയില്‍ മാറ്റം വന്നതിനെ തുടര്‍ന്ന് പവിത്രനെ ഡിസ്ചാര്‍ജ് ചെയ്തിരുന്നു. എന്നാല്‍ അസുഖം മൂര്‍ച്ഛിച്ച് വീണ്ടും സ്ഥിതി വഷളായതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്.