സംസ്ഥാന വിഹിതം ക്രെഡിറ്റ് ചെയ്ത ശേഷം കേന്ദ്ര വിഹിതം ക്രെഡിറ്റ് ചെയ്യുന്നത് തെറ്റിദ്ധാരണയായി; സമൂഹ്യസുരക്ഷാ പെന്‍ഷന്‍ വിഹിതം വകമാറ്റുന്നുവെന്ന പ്രചാരണം തെറ്റ്

സാമുഹ്യ സുരക്ഷാ പെന്‍ഷന്‍ വകമാറ്റുന്നില്ലെന്ന് ധനവകുപ്പ്

By :  Remesh
Update: 2024-09-07 11:14 GMT

തിരുവനന്തപുരം: സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കളുടെ കേന്ദ്രവിഹിതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വകമാറ്റുന്നുവെന്നത് തെറ്റായ പ്രചാരണമാണെന്ന് ധനവകുപ്പ് അറിയിച്ചു. സംസ്ഥാന, കേന്ദ്ര വിഹിതം രണ്ടു വ്യത്യസ്ത ശീര്‍ഷകങ്ങളില്‍ നിന്ന് രണ്ടു ബില്ലുകളായാണ് അനുവദിക്കുന്നത്.

സംസ്ഥാന വിഹിതം അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്ത ശേഷം ഒന്നോ രണ്ടോ ദിവസത്തിന് ശേഷം കേന്ദ്രവിഹിതം ക്രെഡിറ്റ് ചെയ്യപ്പെടുന്നതുകൊണ്ടുള്ള തെറ്റിദ്ധാരണയാണിത്. സംസ്ഥാന വിഹിതം ഗുണഭോക്താവ് നല്‍കിയിട്ടുള്ള ബാങ്ക് അക്കൗണ്ടിലും കേന്ദ്രവിഹിതം അവസാനമായി ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള അക്കൗണ്ടിലേക്കുമാണ് വരിക.

വാതില്‍പ്പടി വിതരണത്തിലൂടെ തുക ലഭിക്കുന്നവര്‍ക്ക് കേന്ദ്രവിഹിതം മാത്രമായി പിന്നീട് ലഭിക്കുന്ന സ്ഥിതിയുമുണ്ട്. ഇത് താത്ക്കാലിക സാങ്കേതിക പ്രശ്‌നമാണെന്ന് ധനവകുപ്പ് അറിയിച്ചു. 1600 രൂപ എന്ന ഏകീകൃത നിരക്കിലാണ് സംസ്ഥാന സര്‍ക്കാര്‍ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ അനുവദിക്കുന്നത്. എന്നാല്‍ ഇന്ദിരാഗാന്ധി ദേശീയ വാര്‍ധക്യകാല പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍, വിധവ പെന്‍ഷന്‍ എന്നിവയില്‍ കേന്ദ്രവിഹിതം യഥാക്രമം 200, 300, 500 രൂപയാണ്. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രവിഹിതം മുന്‍കൂര്‍ അനുവദിക്കുകയും പിന്നീട് കണക്കുകള്‍ സമര്‍പ്പിക്കുന്ന മുറയ്ക്ക് കേന്ദ്രത്തില്‍ നിന്ന് തുക ലഭിക്കുകയുമാണ് ചെയ്യുന്നത്.

Tags:    

Similar News