'പിണറായി ദ ലജന്‍ഡ്'; 15 ലക്ഷം ചെലവഴിച്ച് മുഖ്യമന്ത്രിയെ പുകഴ്ത്താന്‍ ഡോക്യുമെന്ററി; പിന്നില്‍ സെക്രട്ടേറിയറ്റിലെ സിപിഎം അനുകൂല സംഘടന; സര്‍ക്കാറിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി തലസ്ഥാനത്ത് ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കും

Update: 2025-05-04 02:48 GMT

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തിയുള്ള ഗാനം പുറത്തുവന്നതിന് പിന്നാലെ ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മ്മിച്ച ഡോക്യുമെന്ററിയും റിലീസിന് തയ്യാറെടുക്കുന്നു. പിണറായി ദി ലജന്‍ഡ് എന്ന പേരിലാണ് ലക്ഷങ്ങള്‍ ചെലവഴിച്ച് ഡോക്യുമെന്ററി ചിത്രീകരിച്ചിരിക്കുന്നത്. സെക്രട്ടറിയേറ്റിലെ സിപിഎം അനുകൂല ജീവനക്കാരുടെ സംഘടനയാണ് ഡോക്യുമെന്ററി നിര്‍മ്മിച്ചിരിക്കുന്നത്.

പിണറായി വിജയന്റെ ജീവചരിത്രവും ഭരണ നേട്ടങ്ങളും നേതൃപാടവവും ഉള്‍ക്കൊള്ളുന്നതാണ് ഡോക്യുമെന്ററിയുടെ പ്രമേയം. തുടര്‍ഭരണം ലക്ഷ്യമിട്ട് നീങ്ങുന്ന പിണറായിക്കുള്ള സമ്മാനമായാണ് സിപിഎം അനുകൂല സംഘടനയായ സെക്രട്ടറിയേറ്റ് എംപ്ളോയീസ് അസോസസിയേഷന്‍ ഡോക്യുമെന്ററി തയ്യാറാക്കിയിരിക്കുന്നത്.

15 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച ഡോക്യുമെന്ററിയുടെ സംവിധായകന്‍ തിരുവനന്തപുരം നേമം സ്വദേശിയാണ്. സര്‍ക്കാറിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി തലസ്ഥാനത്ത് ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. നേരത്തെ അസോസിയേഷന്‍ സുവര്‍ണജൂബിലി മന്ദിര ഉദ്ഘാടനത്തിന് പിണറായി എത്തുമ്പോള്‍ കേള്‍പ്പിക്കാന്‍ തയ്യാറാക്കിയ വാഴ്ചത്ത് പാട്ട് വിവാദമായിരുന്നു.

ചെമ്പടയുടെ കാവലാളായി പിണറായിയെ പാടിപ്പുകഴ്ത്തിയ ഗാനം സംസ്ഥാനത്ത് വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. വ്യക്തിപൂജ വിവാദം സിപിഎമ്മില്‍ വലിയ ചര്‍ച്ചയായിരിക്കുമ്പോഴായിരുന്നു പിണറായിയെ പുകഴ്ത്തിയുള്ള ഗാനം പുറത്തിറങ്ങിയത്.

Tags:    

Similar News