മലപ്പുറത്ത് പതിനേഴുകാരനെ സംഘം ചേർന്ന് മർദ്ദിച്ചു; ആക്രമണത്തിൽ വിദ്യാർത്ഥിയുടെ കൈ ഒടിഞ്ഞു, ശരീരത്തില്‍ മുറിവേറ്റു; കേസെടുത്ത് പോലീസ്

Update: 2025-08-19 08:23 GMT

വണ്ടൂർ: മലപ്പുറം വണ്ടൂരിൽ രണ്ടു വർഷം മുൻപുണ്ടായ തർക്കത്തിന്റെ പേരിൽ പതിനേഴുകാരനെ സംഘം ചേർന്ന് ക്രൂരമായി മർദ്ദിച്ചു. ചെമ്പ്രശ്ശേരി സ്വദേശി മുഹമ്മദിന്റെ മകൻ അൻഷിദിനാണ് മർദ്ദനമേറ്റത്. ആക്രമണത്തിൽ അൻഷിദിന്റെ കൈ ഒടിയുകയും ശരീരത്തിൽ സാരമായി പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിൽ കുട്ടിയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വണ്ടൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഞായറാഴ്ച വൈകിട്ട് വണ്ടൂർ അയനിക്കോട് വെച്ചാണ് സംഭവം നടന്നത്. സഹോദരനൊപ്പം ചായ കുടിക്കാനായി കടയിലെത്തിയതായിരുന്നു അൻഷിദ്. ഈ സമയത്ത് അവിടെയുണ്ടായിരുന്ന സംഘവുമായി വാക്കുതർക്കമുണ്ടാവുകയും അത് ആക്രമണത്തിൽ കലാശിക്കുകയുമായിരുന്നു. അൻഷിദ് പത്താം ക്ലാസിൽ പഠിക്കുമ്പോൾ സ്കൂളിൽ വെച്ചുണ്ടായ ഒരു അടിപിടിയാണ് ഇപ്പോഴത്തെ ആക്രമണത്തിന് കാരണമായതെന്നാണ് പോലീസ് പറയുന്നത്.

അന്നത്തെ സംഭവത്തിൽ ഉൾപ്പെട്ട മറ്റൊരു വിദ്യാർത്ഥിയും അയാളുടെ ബന്ധുക്കളും ചേർന്നാണ് അൻഷിദിനെ മർദ്ദിച്ചതെന്ന് പരാതിയിൽ പറയുന്നു. മർദ്ദനത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ രണ്ടുപേരെ പ്രതിചേർത്താണ് പോലീസ് കേസെടുത്തിരിക്കുന്നത്. എന്നാൽ, കൂടുതൽ പേർക്ക് അക്രമത്തിൽ പങ്കുള്ളതായി സംശയിക്കുന്നതായും ഇവർക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായും പോലീസ് അറിയിച്ചു.

Tags:    

Similar News