പ്രായപൂര്‍ത്തിയാവാത്ത ബാലനെ ലൈംഗികമായി പീഡിപ്പിച്ച കേസ്; യുവാവിന് 13 വര്‍ഷം കഠിന തടവും 1.50 ലക്ഷം പിഴയും
യുവാവിന് 13 വര്‍ഷം കഠിന തടവും 1.50 ലക്ഷം പിഴയും
ചാവക്കാട്: പ്രായപൂര്‍ത്തിയാവാത്ത ബാലനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവിന് 13 വര്‍ഷം കഠിന തടവും 1.50 ലക്ഷം പിഴയും. വാടാനപ്പള്ളി മൊയ്തീന്‍ പള്ളി വലിയകത്ത് ഷമീറിനെയാണ് (42) ചാവക്കാട് അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജി അന്‍യാസ് തയ്യില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. പിഴ അടയ്ക്കാത്ത പക്ഷം ഒന്‍പത് മാസം കൂടി അധികതടവ് അനുഭവിക്കണം. പ്രതിയില്‍ നിന്ന് പിഴ ഈടാക്കുന്ന പക്ഷം കുട്ടിക്ക് നല്‍കാനും കോടതി വിധിച്ചു.
2013 ഒക്ടോബര്‍ എട്ടിന് വൈകുന്നേരം സ്ഥലത്തെത്തിയ ഷമീര്‍ പുതുതായി പണികഴിപ്പിക്കുന്ന വീട് കാണിച്ചു തരാന്‍ കുട്ടിയോട് ആവശ്യപ്പെട്ട് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. വീടിനകത്തേക്ക് അതിക്രമിച്ചു കയറി കുട്ടിയുടെ എതിര്‍പ്പ് മറികടന്ന് അടുക്കളയില്‍ വച്ചും മുകളിലെ മുറിയില്‍ വച്ചും പലതവണ ലൈംഗികമായി പീഡിപ്പിച്ചു എന്നതാണ് പ്രോസിക്യൂഷന്‍ കേസ്.
പ്രതി പോയ ശേഷം കുട്ടി മാതാവിനോട് പറഞ്ഞതനുസരിച്ച് വാടാനപ്പള്ളി പൊലീസ് സ്റ്റേഷനില്‍ അറിയിക്കുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സിജു മുട്ടത്ത്, അഡ്വ. സി. നിഷ എന്നിവര്‍ ഹാജരായി.