എട്ടു വയസുകാരിക്ക് ലൈംഗിക പീഡനം: പോക്സോ കേസില്‍ പ്രതിക്ക് 11 വര്‍ഷം കഠിനതടവും ഒന്നര ലക്ഷം രൂപ പിഴയും

പോക്സോ കേസില്‍ പ്രതിക്ക് 11 വര്‍ഷം കഠിനതടവും ഒന്നര ലക്ഷം രൂപ പിഴയും

Update: 2025-04-23 16:49 GMT

പത്തനംതിട്ട: എട്ട് വയസ്സുകാരിയെ ലൈംഗികചൂഷണത്തിന് ഇരയാക്കിയ കേസില്‍ പ്രതിക്ക് 11 വര്‍ഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് അതിവേഗ സ്പെഷ്യല്‍ കോടതി ജഡ്ജി ഡോണി തോമസ് വര്‍ഗീസ്. അയിരൂര്‍ കാഞ്ഞേറ്റുകര വാസുദേവപുരം വീട്ടില്‍ വാടകയ്ക്ക് താമസം ലിജു തോമസ് (32) ആണ് ശിക്ഷിക്കപ്പെട്ടത്. കഴിഞ്ഞ വര്‍ഷം മേയ് 29 ന് ഉച്ചയ്ക്ക് 12.30 ന് കുട്ടിയെ ഇയാള്‍ സ്‌കൂട്ടറില്‍ കയറ്റി കടയിലേക്ക് എന്നുപറഞ്ഞ് കൊണ്ടുപോയ ശേഷം കാഞ്ഞീറ്റുകരക്ക് സമീപത്തുളള കനാല്‍ പാലത്തില്‍ വച്ച് ദേഹത്ത് കടന്നുപിടിച്ച് ലൈംഗിക അതിക്രമം കാട്ടുകയായിരുന്നു.

അന്ന് എസ്.ഐ ആയിരുന്ന പി. സുരേഷ് കുമാര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച് പ്രതിയെ പിടികൂടി. അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് എസ്.ഐ.മുഹ്സിന്‍ മുഹമ്മദ് ആയിരുന്നു. പോലീസ് ഇന്‍സ്പെക്ടര്‍ ജി സുരേഷ് കുമാറിന്റെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം.

മാനഹാനിയുണ്ടാക്കിയതിന് ആറു വര്‍ഷം കഠിനതടവും 50000 രൂപ പിഴയും ശിക്ഷിച്ചപ്പോള്‍ പോക്സോ വകുപ്പുകള്‍ പ്രകാരം അഞ്ചു വര്‍ഷവും ഒരു ലക്ഷം രൂപയും ശിക്ഷിച്ചു. പിഴത്തുക അടച്ചില്ലെങ്കില്‍ ആറു മാസത്തെ അധിക കഠിന തടവ് അനുഭവിക്കണം. പിഴത്തുക കുട്ടിക്ക് നല്‍കാനും കോടതി വിധിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. റോഷന്‍ തോമസ് ഹാജരായി.കോടതി നടപടികളില്‍ എ.എസ്.ഐ ഹസീന പങ്കാളിയായി.


Tags:    

Similar News