പതിനൊന്നുകാരനുനേരെ ലൈംഗികാതിക്രമം : പ്രതിക്ക് 9 വര്‍ഷം കഠിനതടവും 85000 രൂപ പിഴയും
പതിനൊന്നുകാരനുനേരെ ലൈംഗികാതിക്രമം
പത്തനംതിട്ട: ആറാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് നേരെ ലൈംഗികാതിക്രമം കാട്ടിയ പ്രതിക്ക് ഒമ്പതു വര്‍ഷം കഠിനതടവും 85000 പിഴയും ശിക്ഷ വിധിച്ച് അതിവേഗ സ്പെഷ്യല്‍ കോടതി. 2023 മേയ് 22 ന് കോന്നി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി പുറപ്പെടുവിച്ചത്. ജഡ്ജി റ്റി മഞ്ചിത്തിന്റേതാണ് വിധി.കോന്നി ഐരവണ്‍ കുമ്മണ്ണൂര്‍ നെടിയകാലാ പുത്തന്‍വീട്ടില്‍ സിദ്ദീഖ് ജമാലുദ്ദീനെ (54) യാണ് കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി ശിക്ഷിച്ചത്.
പോക്സോ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം അഞ്ചുവര്‍ഷത്തെ കഠിനതടവും 50000 രൂപ പിഴയും, കടത്തിക്കൊണ്ടുപോകലിന് മൂന്നുവര്‍ഷവും ഇരുപത്തയ്യായിരം രൂപയും പട്ടിക ജാതി/വര്‍ഗ പീഡന നിരോധന നിയമം അനുസരിച്ച് ഒരു വര്‍ഷവും 10000 രൂപയും ആണ് കോടതി ശിക്ഷിച്ചത്. പിഴ അടക്കാത്തപക്ഷം 4 മാസവും 10 ദിവസവും കഠിന തടവുകൂടി അനുഭവിക്കണമെന്നും കോടതിവിധിയില്‍ പറയുന്നു.
2023 ഏപ്രില്‍ ഒന്നിനും മേയ് 31 നുമിടയിലുള്ള ദിവസങ്ങളില്‍ കുട്ടിയുടെ അമ്മവീടിന്റെ പരിസരത്തും, പ്രതിയുടെ വീട്ടിലും വെച്ച് പലതവണ ദേഹത്ത് കടന്നുപിടിച്ചും മറ്റും ലൈംഗിക അതിക്രമം കാട്ടുകയായിരുന്നു. ആദ്യ തവണ പശുവിനെ തീറ്റാന്‍ പോകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വീട്ടില്‍ നിന്നും കൂട്ടിക്കൊണ്ടുപോയി വനംവകുപ്പിന്റെ തേക്ക് പ്ലാന്റേഷന്‍ ഭാഗത്ത് വെച്ച് കുട്ടിക്ക് നേരെ അശ്ലീല പ്രദര്‍ശനം നടത്തി.
അടുത്തദിവസം പ്രതിയുടെ വീട്ടിനുള്ളില്‍ വച്ച് റീല്‍സ് എടുക്കാമെന്ന് പറഞ്ഞ് പ്രതി മൊബൈല്‍ ഫോണ്‍ കുട്ടിയെ ഏല്‍പ്പിച്ച ശേഷം തന്റെ രഹസ്യ ഭാഗങ്ങളില്‍ കുട്ടിയെ കൊണ്ട് ബലമായി പിടിപ്പിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഇയാളുടെ വീട്ടില്‍ വച്ച് തന്നെ കുട്ടിയുടെ ദേഹത്ത് കടന്നുപിടിച്ച് ലൈംഗിക അതിക്രമം നടത്തുകയും, കുട്ടിയെ വിവസ്ത്രനാക്കി രഹസ്യ ഭാഗങ്ങളുടെ ചിത്രങ്ങള്‍ തന്റെ മൊബൈല്‍ ഫോണില്‍ എടുക്കുകയും ചെയ്തു. തുടര്‍ന്ന് വിവരങ്ങള്‍ പുറത്തു പറഞ്ഞാല്‍ ഫേസ്ബുക്കില്‍ ഇടുകയോ, മറ്റുള്ളവരെ കാണിക്കുകയോ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ റോഷന്‍ തോമസ് കോടതിയില്‍ ഹാജരായി. എ എസ് ഐ ഹസീന പ്രോസിക്യൂഷന്‍ നടപടികളില്‍ സഹായിയായി.