വധഭീഷണി മുഴക്കി പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചു: മുപ്പത്തിയെട്ടുകാരനെ പോക്സോ കേസില്‍ അറസ്റ്റ് ചെയ്ത് തിരുവല്ല പോലീസ്
വധഭീഷണി മുഴക്കി പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചു: മുപ്പത്തിയെട്ടുകാരനെ പോക്സോ കേസില്‍ അറസ്റ്റ് ചെയ്ത് തിരുവല്ല പോലീസ്
തിരുവല്ല: കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പന്ത്രണ്ടുകാരിയെ പല തവണ ബലാല്‍സംഗം ചെയ്ത കേസിലെ പ്രതിയെ പോലീസ് പിടികൂടി. കവിയൂര്‍ കോട്ടൂര്‍ പുന്നിലം ഓര്‍ത്തഡോക്സ് പള്ളി കുരിശടിക്ക് സമീപം വലിയ പറമ്പില്‍ വീട്ടില്‍ രഞ്ചു എന്ന് വിളിക്കുന്ന രഞ്ജിത്ത് വി. രാജന്‍ (38) ആണ് അറസ്റ്റിലായത്.
കുട്ടിയെയും മാതാവിനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കുട്ടിയുടെയും ഇയാളുടെയും വീട്ടില്‍ വച്ചാണ് ലൈംഗിക പീഡനം നടന്നത്. കഴിഞ്ഞ ഓഗസ്റ്റിലും ഒക്ടോബറിലുമാണ് പല ദിവസങ്ങളിലായി പലപ്രാവശ്യം കുട്ടിയെ പ്രതി പീഡിപ്പിച്ചത്.
ഇതുമായി ബന്ധപ്പെട്ട് പത്തനംതിട്ട വനിതാ പോലീസ് സ്റ്റേഷനില്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്ത് തിരുവല്ലയിലേക്ക് കൈമാറുകയായിരുന്നു. പ്രതിയെ പുന്നിലത്തെ വീടിനു സമീപത്തുനിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളുടെ ഉപയോഗത്തില്‍ ഉണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ പോലീസ് കണ്ടെടുത്തു ശാസ്ത്രീയ പരിശോധനക്കയച്ചു. പെണ്‍കുട്ടിയുടെ മൊഴി കോടതിയിലും രേഖപ്പെടുത്തി.
2015 ല്‍ സ്ത്രീകളെ ആക്രമിച്ച കേസില്‍ തിരുവല്ല സ്റ്റേഷനില്‍ ഒന്നാം പ്രതിയാണ് രഞ്ജിത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. പോലീസ് ഇന്‍സ്പെക്ടര്‍ സുനില്‍ കൃഷ്ണന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തില്‍ എസ്.ഐ പി.എസ് സനില്‍, എ എസ് ഐ ജയകുമാര്‍, എസ് സി പി ഓമാരായ മനോജ്, അഖിലേഷ് എന്നിവര്‍ പങ്കെടുത്തു.