കൊടും ചൂടിന് തെല്ലൊരു ആശ്വാസവുമായി അവനെത്തി; സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്

Update: 2026-02-18 11:09 GMT

തിരുവനന്തപുരം: കനത്ത ചൂടിൽ വലയുന്ന കേരളത്തിന് ആശ്വാസമായി അടുത്ത അഞ്ച് ദിവസം മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഫെബ്രുവരി 22 വരെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നേരിയ മഴ ലഭിക്കാൻ സാധ്യതയുണ്ട്. ഈ മാസം 22-ന് എല്ലാ ജില്ലകളിലും മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നത്.

ഫെബ്രുവരി 18, 2026-ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലും, 19-ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും മഴ ലഭിക്കാൻ സാധ്യതയുണ്ട്. 20-ന് തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിലും, 21-ന് തിരുവനന്തപുരം മുതൽ പാലക്കാട് വരെയുള്ള ജില്ലകളിലും മഴ പ്രതീക്ഷിക്കുന്നു.

അതേസമയം, കടൽ തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഗൾഫ് ഓഫ് മന്നാർ, അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരം, കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്.

കൂടാതെ, തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന ഭൂമദ്ധ്യരേഖ ഇന്ത്യൻ മഹാസമുദ്രം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില സമയങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. വരും ദിവസങ്ങളിൽ ചൂടിന് നേരിയ ആശ്വാസം നൽകുന്നതോടൊപ്പം കടൽ യാത്രക്കാർ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

Tags:    

Similar News