റോഡ് മുറിച്ച് കടക്കവേ ജീവനെടുത്ത് അപകടം; മദീനയിൽ കാറിടിച്ച് മലയാളിക്ക് ദാരുണാന്ത്യം; മരിച്ചത് കോഴിക്കോട് സ്വദേശി അൻദ്രു; വേദനയോടെ കുടുംബം
റിയാദ്: മദീനയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് കോഴിക്കോട് പേരാമ്പ്ര കൂത്താളി സ്വദേശിക്ക് ദാരുണാന്ത്യം. ചത്തോത്ത് വീട്ടിൽ പാണമ്പ്ര കൊയ്‌ലോത്ത് അൻദ്രു (67) ആണ് തിങ്കളാഴ്ച മരിച്ചത്. ഉംറ നിർവഹിക്കാനായി പുറപ്പെട്ട ഇദ്ദേഹം കഴിഞ്ഞ 23 വർഷമായി സൗദി അറേബ്യയിൽ പ്രവാസിയായിരുന്നു.
മസ്ജിദുൽ ഖുബ പരിസരത്തെ ഈത്തപ്പഴക്കമ്പനിയിൽ കഴിഞ്ഞ 15 വർഷമായി അൻദ്രു ജോലി ചെയ്തുവരികയായിരുന്നു. മദീനയിൽ വെച്ച് റോഡ് മുറിച്ചുകടക്കുന്നതിനിടയിൽ വിദേശി ഓടിച്ച വാഹനമിടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ അൻദ്രുവിനെ ഉടൻതന്നെ മദീനയിലെ ഹയാത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പരേതരായ മൂസ - കുഞ്ഞാമി ദമ്പതികളുടെ മകനാണ്. ജമീലയാണ് ഭാര്യ. അൻവർ, അഷ്‌ക്കർ, താഹിറ, ജസീല, അരീഫ എന്നിവർ മക്കളാണ്. നിയമപരമായ നടപടികൾ പൂർത്തിയാക്കിയ ശേഷം ചൊവ്വാഴ്ച ഇശ നമസ്കാരത്തിന് ശേഷം മദീനയിലെ ജന്നത്തുൽ ബഖീഹ് മഖ്ബറയിൽ ഖബറടക്കം നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
മരണാനന്തര നടപടികൾ പൂർത്തിയാക്കുന്നതിനും നിയമപരമായ കാര്യങ്ങൾക്കും നവോദയ മദീന രക്ഷാധികാരി നിസാർ കരുനാഗപ്പള്ളിയുടെ നേതൃത്വത്തിൽ സാമൂഹിക പ്രവർത്തകർ സഹായം നൽകിവരുന്നുണ്ട്. സൗദി അറേബ്യയിലെ മലയാളി പ്രവാസികൾക്കിടയിൽ ഈ ദുരന്തം വലിയ നടുക്കം സൃഷ്ടിച്ചിരിക്കുകയാണ്.