ഓർഡർ ചെയ്ത ഭക്ഷണം കിട്ടാൻ വൈകി; ഹോട്ടലിൽ ജീവനക്കാരെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ

Update: 2025-08-13 07:24 GMT

തൃശൂർ: ഹോട്ടലിലെ ജീവനക്കാരെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. എടത്തിരുത്തി സ്വദേശി ചിന്ന വീട്ടിൽ നൗഫൽ (25), ചൂലൂർ സ്വദേശി വലിയകത്ത് വീട്ടിൽ ആഷിക് (27), ചെന്ത്രാപ്പിന്നി സ്വദേശി പള്ളിപറമ്പിൽ വീട്ടിൽ ഷാഹിൽ ( 23) എന്നിവരെയാണ് വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്. ഓർഡർ ചെയ്ത ഷവർമ്മ കിട്ടാൻ വൈകിയതിനെ തുടർന്നാണ് പ്രതികൾ ജീവനക്കാരെ ആക്രമിച്ചത്. തൃപ്രയാർ എടമുട്ടത്തെ മല്ലൂസ് മക്കാനി ഹോട്ടലിലെ ജീവനക്കാരെയാണ് ആക്രമിച്ചത്.

തിങ്കളാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. 10.30 യോടെ ഹോട്ടലിലെത്തിയ പ്രതികൾ ഷവർമ ഓർഡർ ചെയ്തിരുന്നു. ഓർഡർ ചെയ്ത ഭക്ഷണം കിട്ടാൻ വൈകിയെന്ന് പറഞ്ഞ് പ്രതികൾ ഉടമയേയും ഹോട്ടലിലെ മറ്റ് ജീവനക്കാരെയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ആക്രമിച്ച് പരിക്കേൽപ്പിക്കുകയുമായിരുന്നു. സംഭവത്തിൽ ഹോട്ടൽ ഉടമ വലപ്പാട് സ്വദേശി മുഹ്സിൻ നൽകിയ പരാതിയിൽ കേസെടുത്ത പോലീസ് പ്രതികളെ പിടികൂടുകയായിരുന്നു.

പിടിയിലായ നൗഫൽ ഈ വർഷം ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ നിന്നും 10 കിലോ കഞ്ചാവ് പിടികൂടിയ കേസിലെ പ്രതിയാണ്. വലപ്പാട് പൊലീസ് സറ്റേഷൻ ഇൻസ്പെക്ടർ അനിൽ കുമാർ, സബ് ഇൻസ്പെക്ടർ മാരായ എബിൻ, ആന്റണി ജിമ്പിൾ, സി.പി.ഒ മാരായ ശ്യാം, സുബൈർ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Tags:    

Similar News