കിളിമാനൂരിൽ ദമ്പതികളെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്; മുഖ്യപ്രതി വിഷ്ണുമായി പോലീസ് തെളിവെടുപ്പ് നടത്തിയത് കനത്ത സുരക്ഷയിൽ

Update: 2026-01-31 11:00 GMT

തിരുവനന്തപുരം: കിളിമാനൂരിൽ ദമ്പതികളായ രജിത്തിന്‍റെയും അംബികയുടെയും മരണത്തിനിടയാക്കിയ വാഹനാപകടക്കേസിലെ മുഖ്യപ്രതി വിഷ്ണുവുമായി പോലീസ് തെളിവെടുപ്പ് പൂർത്തിയാക്കി. എം.സി. റോഡിൽ കിളിമാനൂർ പാപ്പാലക്ക് സമീപം അപകടം നടന്ന സ്ഥലത്താണ് കനത്ത സുരക്ഷാ സന്നാഹത്തോടെ തെളിവെടുപ്പ് നടത്തിയത്. ജനരോഷം കണക്കിലെടുത്ത് രണ്ട് തവണ മാറ്റിവെച്ച ശേഷമാണ് തെളിവെടുപ്പ് പൂർത്തിയാക്കിയത്. മൂന്ന് ദിവസത്തെ കസ്റ്റഡി കാലാവധി കഴിയുന്നതൊടെ വിഷ്ണുവിനെ തിരികെ ജയിലിലേക്ക് മാറ്റും.

ഉച്ചയ്ക്ക് ഒരു മണിയോടെയാണ് വിഷ്ണുവുമായി പോലീസ് സംഘം തെളിവെടുപ്പിനെത്തിയത്. കേസുമായി ബന്ധപ്പെട്ട് വിഷ്ണുവിനെ ഒളിവില്‍ പോകാന്‍ സഹായിച്ച സുഹൃത്ത് ആദർശിനെ പോലീസ് നേരത്തെ പിടികൂടിയിരുന്നു. കഴിഞ്ഞ മാസം നാലാം തീയതിയാണ് കേസിന് ആസ്പദമായ സംഭവം. അമിത വേഗതയിലെത്തിയ ഥാർ ജീപ്പ് സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന കിളിമാനൂര്‍ സ്വദേശികളായ രജിത്തിനെയും അംബികയെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ദമ്പതികൾ ദിവസങ്ങളോളം ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി.

അപകടത്തിന് ശേഷം നിർത്താതെ പോയ വാഹനം നാട്ടുകാർ തടഞ്ഞുനിർത്തുകയും വിഷ്ണുവിനെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയുമായിരുന്നു. എന്നാൽ, അന്നേ ദിവസം കേസ് രജിസ്റ്റർ ചെയ്യാതിരുന്ന പോലീസ്, പിറ്റേന്ന് ഹാജരാകാൻ ആവശ്യപ്പെട്ട് വിഷ്ണുവിനെ വിട്ടയച്ചു. ഇതിനു പിന്നാലെ ഇയാൾ ഒളിവിൽ പോവുകയായിരുന്നു. കേരളം വിട്ട വിഷ്ണു ഡിണ്ടിഗൽ, തേനി എന്നിവിടങ്ങളടക്കം തമിഴ്നാട്ടിലെ വിവിധ ഭാഗങ്ങളിലായി ഒളിവിൽ കഴിഞ്ഞു. വിഷ്ണുവിൻ്റെ മുൻകൂർ ജാമ്യപേക്ഷ സെഷൻസ് കോടതി തള്ളിയതിന് പിന്നാലെ പാറശ്ശാലയിൽ നിന്നാണ് പോലീസ് ഇയാളെ പിടികൂടിയത്.

വാഹനത്തിൽ താൻ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നാണ് വിഷ്ണു പോലീസിന് മൊഴി നൽകിയിട്ടുള്ളത്. വാഹനത്തിൽ കണ്ട ഫയർഫോഴ്സ്, പോലീസ് ഐ.ഡി. കാർഡുകൾ സുഹൃത്തുക്കളുടേതാണെന്നും ടോൾ ബൂത്തുകൾ കടന്നുപോകുന്നതിനായി സൂക്ഷിച്ചതാണെന്നും വിഷ്ണു മൊഴി നൽകി. എന്നാൽ, ഐ.ഡി. കാർഡുകളുടെ ഉടമകൾ അപകടസമയത്ത് കിളിമാനൂരിൽ ഉണ്ടായിരുന്നില്ലെന്ന് മൊബൈൽ ലൊക്കേഷൻ പരിശോധനയിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. അതേസമയം, വിഷ്ണുവിൻ്റെ ഈ മൊഴി ദമ്പതികളുടെ കുടുംബം വിശ്വസിക്കുന്നില്ല. 

Tags:    

Similar News