ട്യൂഷന്‍ സെന്ററിലേക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്നും പോയി; ഏറെ വൈകിയും മടങ്ങിയെത്തിയില്ല; മണിക്കൂറുകൾക്കുള്ളിൽ മൂന്ന് കുട്ടികളെ കണ്ടെത്തി കല്‍പ്പറ്റ പോലീസ്
കല്‍പ്പറ്റ: കൽപ്പറ്റയിൽ നിന്നും കാണാതായ മൂന്ന് കുട്ടികളെ മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്തി കേരള പോലീസ്. കഴിഞ്ഞ ദിവസമാണ് വിദ്യാർത്ഥികളെ കാണാതായെന്ന പരാതി കൽപ്പറ്റ പോലീസിന് ലഭിച്ചത്. ട്യൂഷന്‍ സെന്ററിലേക്കെന്ന് പറഞ്ഞ് പോയ മൂന്ന് കുട്ടികള്‍ വീട്ടില്‍ തിരികെയെത്തിയില്ലെന്നായിരുന്നു പരാതി. ജില്ലാ സ്‌ക്വാഡ്, കോഴിക്കോട്, പാലക്കാട് റെയില്‍വേ പോലീസ് എന്നിവരുടെ സഹായത്തോടെയാണ് കൽപ്പറ്റ പോലീസ് കുട്ടികളെ പാലക്കാട് നിന്നും കണ്ടെത്തിയത്.
ട്യൂഷന്‍ സെന്ററിലേക്കാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നും പോയ കുട്ടികൾ നിശ്ചിത സമയം കഴിഞ്ഞിട്ടും വീട്ടിൽ മടങ്ങിയെത്തിയില്ല. വീട്ടുകാർ നടത്തിയ അന്വേഷണത്തിലും ഫലമുണ്ടായില്ല. തുടർന്നാണ് വീട്ടുകാർ കൽപ്പറ്റ പോലീസിനെ സമീപിക്കുന്നത്. പരാതി സ്വീകരിച്ച പോലീസ് സന്ദേശങ്ങള്‍ കേരളത്തിലേക്കും അതിര്‍ത്തി സംസ്ഥാനങ്ങളിലെ പോലീസ് സ്‌റ്റേഷനുകളിലേക്കും കൈമാറി. കാണാതായ കുട്ടികളുടെ വിവരങ്ങള്‍ കൈമാറി സംയുക്തമായ അന്വേഷണം ആരംഭിച്ചു. തുടർന്ന് കുട്ടികളെ പാലക്കാട് നിന്നും കണ്ടെത്തുകയായിരുന്നു.
കുട്ടികള്‍ക്ക് ആവശ്യമായ കൗണ്‍സിലിംഗ് നല്‍കിയ ശേഷം വയനാട്ടിലെത്തിച്ച് കോടതിയില്‍ ഹാജരാക്കി മൂവരെയും മാതാപിതാക്കള്‍ക്കൊപ്പം പറഞ്ഞയച്ചു. കല്‍പ്പറ്റ ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ ജയപ്രകാശ്, എസ്.ഐ വിമല്‍ ചന്ദ്രന്‍, എ.എസ്.ഐമാരായ റഫീഖ്, രമേശന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ബിനു രാജ്, ജിജിമോള്‍ എന്നിവരാണ് കല്‍പ്പറ്റയില്‍ നിന്നുള്ള അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.