പാർട്ടിയിൽ നിന്നും തരംതാഴ്ത്തിയ വിവരം ദിവ്യയെ നേരിട്ട് അറിയിക്കാൻ നേതാക്കൾ ജയിൽ സന്ദർശിച്ചു
കണ്ണൂർ: പി.പി ദിവ്യയെ പാർട്ടിയിലെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്നും നീക്കിയതായും കോടതിയിൽ നിന്നും ജാമ്യം ലഭിച്ച വിവരവും അറിയിക്കുന്നതിനായി സി.പി.എം നേതാക്കൾ പള്ളിക്കുന്നിലെ വനിതാ ജയിലിൽ എത്തി. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ. ബിനോയ് കുര്യൻ, സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.വി ഗോപിനാഥ് എന്നിവരെത്തിയത്.
പാർട്ടിയിൽ നിന്നും തെരത്തെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്നും ഒഴിവാക്കിയതും ജാമ്യ ലഭിച്ചതുമായ കാര്യങ്ങളാണ് നേതാക്കൾ പി.പി. ദിവ്യയുമായുള്ള കൂടിക്കാഴ്ച്ചയിൽ അറിയിച്ചത്. ജാമ്യം കിട്ടിയെന്ന സന്തോഷ വാർത്തയോടൊപ്പം പാർട്ടിയിലെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്നും ഒഴിവാക്കിയെന്ന ദുഃഖവാർത്തയും ഒരേ സമയം തന്നെയാണ് ദിവ്യയെ തേടിയെത്തിയത്.
എന്നാൽ ദിവ്യ ഇപ്പോഴും പാർട്ടി കാഡർ തന്നെയാണെന്നും തെറ്റുപറ്റിപ്പോയവരെ കൊല്ലാൻ കഴിയില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പ്രതികരിച്ചു. ദിവ്യയെ നേതാക്കൾക്ക് കാണുന്നതിന് വിലക്കില്ലെന്നു പറഞ്ഞതോടെയാണ് നേതാക്കൾ വനിതാ ജയിലിലെത്തിയത്.