വാഹനവുമായി നഗരത്തിൽ ഇറങ്ങുമ്പോൾ വഴി തെറ്റല്ലേ..; രാഷ്ട്രപതിയുടെ കേരള സന്ദർശനത്തിൽ ഇന്ന് മുതൽ മൂന്ന് ദിവസം തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം; ഏതൊക്കെ റോഡുകളിൽ എന്നറിയാം
തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപദി മുർമുവിന്‍റെ കേരള സന്ദർശനത്തോട് അനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ നാളെ (ഒക്ടോബർ 22) മുതൽ മൂന്നു ദിവസത്തേക്ക് കർശന ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ഇന്ന് ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി 8 മണി വരെയും നാളെ രാവിലെ 6 മണി മുതൽ രാത്രി 10 മണി വരെയും, ഒക്ടോബർ 23ന് രാവിലെ 6 മണി മുതൽ ഉച്ചയ്ക്ക് 12.30 വരെയും നിയന്ത്രണങ്ങൾ നിലവിലുണ്ടാകും.
ഇന്ന് ഉച്ചയ്ക്ക് 2 മുതൽ രാത്രി 8 വരെ ശംഖുംമുഖം-ആൾസെയിന്റ്സ്-ചാക്ക-പേട്ട-പള്ളിമുക്ക്-പാറ്റൂർ-ജനറൽ ആശുപത്രി-ആശാൻ സ്ക്വയർ-വേൾഡ്വാർ-മ്യൂസിയം-വെള്ളയമ്പലം-കവടിയാർ റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവാദമുണ്ടായിരിക്കില്ല.
നാളെ രാവിലെ 6 മുതൽ വൈകുന്നേരം 6 മണി വരെ ശംഖുംമുഖം മുതൽ കവടിയാർ വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും, വൈകുന്നേരം 4 മുതൽ രാത്രി 10 വരെ കവടിയാർ-വെള്ളയമ്പലം-ആൽത്തറ-ശ്രീമൂലം ക്ലബ്-വഴുതക്കാട്-വിമൻസ്‍കോളേജ് ജംഗ്ഷൻ-മേട്ടുക്കട വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല.
ഒക്ടോബർ 23ന് രാവിലെ 6 മുതൽ ഉച്ചയ്ക്ക് 12.30 വരെ കവടിയാർ മുതൽ ശംഖുംമുഖം വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് നിയന്ത്രണമുണ്ടാകും. കൂടാതെ, ഈ ദിവസങ്ങളിൽ ശംഖുംമുഖം-വലിയതുറ, പൊന്നറ, കല്ലുംമൂട്-ഈഞ്ചയ്ക്കൽ-അനന്തപുരി ആശുപത്രി-മിത്രാനന്ദപുരം-എസ്പി ഫോർട്ട്-ശ്രീകണ്ഠേശ്വരം പാർക്ക്-തകരപ്പറമ്പ് മേൽപ്പാലം-ചൂരക്കാട്ടുപാളയം-തമ്പാനൂർ ഫ്ലൈഓവർ-തൈയ്കക്കാട്-വഴുതയ്ക്കാട്-വെള്ളയമ്പലം റോഡിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
22ന് വെള്ളയമ്പലം-മ്യൂസിയം-കോർപ്പറേഷൻ ഓഫീസ്-രക്തസാക്ഷി മണ്ഡപം-ബേക്കറി ജംഗ്ഷൻ-വിമൻസ്‍കോളേജ് റോഡിലും, 23ന് വെള്ളയമ്പലം-കവടിയാർ-കുറവൻകോണം-പട്ടം-കേശവദാസപുരം-ഉള്ളൂർ-ആക്കുളം-കുഴിവിള-ഇൻഫോസിസ്-കഴക്കൂട്ടം-വെട്ടുറോഡ് റോഡിലും വാഹന ഗതാഗതത്തിന് നിയന്ത്രണങ്ങൾ ഉണ്ടാകും. നിബന്ധനകൾ ലംഘിക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കും.