ബാക്കി പണം തിരിച്ചുതരാമോ..ഒട്ടും വയ്യ..; ചോദ്യം കേട്ടതും ദേഷ്യം അണപൊട്ടി; കാൻസർ ബാധിതനെ അതിക്രൂരമായി തല്ലിച്ചതച്ച് സ്വകാര്യ ബസ് കണ്ടക്ടർ; കേസെടുത്ത് പോലീസ്
കോഴിക്കോട്: സ്വകാര്യ ബസിൽ യാത്ര ചെയ്യുകയായിരുന്ന കാൻസർ രോഗിയായ കെഎസ്ആർടിസി കണ്ടക്ടറെ, ബസ് കണ്ടക്ടർ മർദ്ദിച്ചതായി പരാതി. സംഭവത്തിൽ കുറ്റ്യാടി പോലീസ് സ്വകാര്യ ബസ് കണ്ടക്ടർക്കെതിരെ കേസെടുത്തു. നരിക്കാട്ടേരി സ്വദേശി കൂമുള്ളകണ്ടി സനൂപിനാണ് (42) മർദ്ദനമേറ്റത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം നടന്നത്.
തൊട്ടിൽപ്പാലം ഡിപ്പോയിൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നതിനായി കെസിആർ എന്ന സ്വകാര്യ ബസിൽ കക്കട്ടിലിൽ നിന്ന് സനൂപ് കയറി. കാൻസർ രോഗിയായതിനാൽ ക്ഷീണിതനായിരുന്ന സനൂപ്, കുറ്റ്യാടി ബസ് സ്റ്റാൻഡിൽ ഇറങ്ങാൻ തീരുമാനിച്ചു. ബസിൽ നിന്ന് ലഭിക്കാനുള്ള പണം ചോദിച്ചതാണ് മർദ്ദനത്തിന് കാരണമായതെന്ന് സനൂപ് പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.
കുറ്റ്യാടി സ്റ്റാൻഡിൽ ഇറങ്ങാനായി ടിക്കറ്റ് ചാർജ്ജ് കൊടുത്തതിന് ശേഷം ബാക്കി പണം തിരികെ ചോദിച്ചപ്പോഴാണ് സ്വകാര്യ ബസ് കണ്ടക്ടർ അമൽദേവ് (26) പ്രകോപിതനായത്. തുടർന്ന് സനൂപിനെ ക്രൂരമായി മർദ്ദിച്ചുവെന്ന് പരാതിയിൽ വിശദീകരിക്കുന്നു. മുഖത്തും ശരീരത്തും അടിയേറ്റ സനൂപിനെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.