നഴ്‌സിങ് അഡ്മിഷന്‍ വാഗ്ദാനം ചെയ്ത് പണം തട്ടി; തട്ടിപ്പ് മനസിലായതോടെ പണം തിരികെ നല്‍കാന്‍ ആവശ്യം; തിരികെ നല്‍കാത്തതിനെ തുടര്‍ന്ന് കേസ് കൊടുത്തു; ഒളിവിലായിരുന്ന പ്രതി പിടിയില്‍
ആലപ്പുഴ: നഴ്‌സിങ് അഡ്മിഷന്‍ വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ പ്രതി പിടിയില്‍. പണം തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടിട്ട് തയ്യാറാകത്തതിനെ തുടര്‍ന്ന് പണം നല്‍കിയവര്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ഇയാളെ പോലീസ് പിടികൂടുകയായിരുന്നു. വയനാട് മീനങ്ങാടി സ്വദേശി സാദിഖ് (29) ആണ് പിടിയിലായത്. എറണാകുളം പനങ്ങാട് വെച്ചാണ് ചേര്‍ത്തല പൊലീസ പ്രതിയെ അറസ്റ്റ് ചെയ്തത്. മകന് ബാംഗ്ലൂര്‍ നഴ്സിങ് കോളേജില്‍ അഡ്മിഷന്‍ വാങ്ങിക്കൊടുക്കാം എന്ന് പറഞ്ഞ് ചേര്‍ത്തല സ്വദേശിയില്‍ നിന്നുമാണ് ഇയാള്‍ പണം തട്ടിയത്.
2022 ലാണ് സാദിഖ് നഴ്‌സിങ്ങ് കോളേജില്‍ അഡ്മിഷന്‍ വാഗ്ദാനം ചെയ്ത് പണം തട്ടിയത്. ബാങ്ക് അക്കൗണ്ട് വഴിയാണ് ഇയാള്‍ പണം സ്വീകരിച്ചത്. എന്നാല്‍ തട്ടിപ്പ് മനസിലായതോടെ പറ്റിക്കപ്പെട്ടവര്‍ പലതവണ പണം തിരികെ ആവശ്യപ്പെട്ടു. എന്നാല്‍ സാദിഖ് പണം തിരികെ നല്‍കാന്‍ തയ്യാറായില്ല. തുടര്‍ന്ന് ചേര്‍ത്തല പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.
കേസ് കൊടുത്തെന്ന് അറിഞ്ഞ് ഇയാള്‍ ഒളിവിലായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പോലീസ് പിടികൂടിയത്. ഇയാള്‍ക്കെതിരെ വയനാട് പനമരം പൊലീസ് സ്റ്റേഷനില്‍ സമാന രീതിയിലുള്ള ഒരു കേസ് രജിസ്ട്രര്‍ ചെയ്തിട്ടുണ്ട്. കൂടാതെ കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര, കൊടുവള്ളി എന്നിവിടങ്ങളിലും വയനാട് സുല്‍ത്താന്‍ ബത്തേരിയിലും ഇയാള്‍ ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ നടത്തിയതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. സാമ്പത്തിക തട്ടിപ്പു കേസുകളിലെ പ്രതികളെ കണ്ടെത്തുന്നതിനായി ചേര്‍ത്തല അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് ഹരീഷ് ജെയിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു.
ചേര്‍ത്തല ഐഎസ്എച്ച്ഒ അരുണ്‍ ജി, എസ്‌ഐ സുരേഷ് എസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ചേര്‍ത്തല കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.