ജലവിതരണം നിര്‍ത്തിവച്ചത് വിനയായി; പിന്നാലെ ശുചിമുറിയുടെ പ്രവർത്തനം താറുമാറായി; കൊടകരയിലെ പഴയ മാര്‍ക്കറ്റിലെ പൊതു ശുചിമുറി അടച്ചിട്ടു; ദുരിതത്തിലായി സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള കച്ചവടക്കാരും തൊഴിലാളികളും
തൃശൂര്‍: പൊതു ശുചിമുറി അടച്ചിട്ടതിനാല്‍ ദുരിതത്തിലായി കൊടകരയിലെ കച്ചവടക്കാരും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികളും. കൊടകരയിലെ പഴയ മാര്‍ക്കറ്റിലെ ശുചിമുറിയാണ് അടച്ചിട്ടത്. വര്‍ഷങ്ങളായി കൊടകരയിലെ പഴയ മാര്‍ക്കറ്റില്‍ പ്രവർത്തിച്ചു വന്ന പൊതു ശുചിമുറിയാണ് അടച്ചിട്ടിരിക്കുന്നത്. അടുത്തുള്ള വ്യാപാര സ്ഥാപനങ്ങളിൽ വരെ ജോലി ചെയ്യുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികളും യാത്രക്കാരും ആശ്രയിക്കുന്ന പൊതു ശുചിമുറിയാണ് ഇത്.
ശുചിമുറിയിലേക്കുള്ള ജലവിതരണം നിര്‍ത്തിവച്ചതിനെ തുടര്‍ന്നാണ് ശുചിമുറിയുടെ പ്രവര്‍ത്തനം താറുമാറായത്. ഏഴു ലക്ഷത്തോളം രൂപ ജലവിതരണ വകുപ്പിന് കുടിശിക ഉണ്ടെന്ന് പറഞ്ഞാണ് ശുചിമുറിയിലേക്കുള്ള ജല വിതരണം അധികൃതര്‍ നിര്‍ത്തിവച്ചതെന്ന് സമീപത്തെ വ്യപാര സ്ഥാപനങ്ങളിലുള്ളവര്‍ പറയുന്നു.
മീറ്റര്‍ പോലും ഇല്ലാത്ത ശൗചാലയത്തിന് എങ്ങനെയാണ് ഇത്രയും ഭീമമായ തുക കുടിശിക വന്നതെന്ന ആശങ്കയിലാണ് ഇവര്‍. പലപ്പോഴും പ്രാഥമിക കാര്യങ്ങള്‍ക്ക് പോലും സമീപത്തുള്ള സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ട ഗതികളിലാണ് സമീപത്തെ സ്ത്രീകള്‍ ഉള്‍പ്പടെയുള്ള തൊഴിലാളികള്‍. ഇതിന് പെട്ടെന്ന് തന്നെ പരിഹാരം കണ്ടെത്തണമെന്നും നാട്ടുകാർ പറയുന്നു.