ഓട് നിലത്ത് വീഴുന്ന ശബ്ദം കേട്ട് നോക്കിയപ്പോൾ വീട്ടുകാർ ഞെട്ടി; കഴുക്കോലിൽ കൂറ്റൻ പെരുമ്പാമ്പ്; പിടികൂടിയത് ഏറെ പണിപ്പെട്ട്
കൊച്ചി: മൂവാറ്റുപുഴയിൽ വീട്ടിൽ നിന്ന് കൂറ്റൻ പെരുമ്പാവിനെ പിടികൂടിയത് സാഹസികമായി. മൂവാറ്റുപുഴ കാവുംപടി റോഡിലുള്ള വീട്ടിലാണ് പെരുമ്പാമ്പ് കയറിയത്. വീടിന്‍റെ രണ്ടാം നിലയിലെ ഓടിന് താഴെയായി കഴുക്കോലിൽ കുരുങ്ങിയ നിലയിലാണ് പെരുമ്പാമ്പിനെ കണ്ടെത്തിയത്. വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് എത്തിയ ഫോറസ്റ്റ് റെസ്ക്യൂവറായ സേവി പൂവനാണ് പാമ്പിനെ പിടികൂടിയത്. രണ്ടു മണിക്കൂറിലധം നീണ്ട ശ്രമകരമായ ദൗത്യത്തിനൊടുവിലാണ് പെരുമ്പാമ്പിനെ പിടികൂടാനായത്.
രണ്ടാം നിലയിൽ നിന്നും ഓട് നിലത്ത് വീഴുന്ന ശബ്ദം കേട്ട് നോക്കിയപ്പോഴാണ് വീട്ടുകാര്‍ പാമ്പിനെ ആദ്യം കണ്ടെത്തിയത്. വീട്ടുകാർ വിവരം വനംവകുപ്പിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഫോറസ്റ്റ് റെസ്ക്യൂവറായ സേവി പൂവൻ സ്ഥലത്തെത്തി. 15 കിലോയലധികം തൂക്കം വരുന്ന പെരുമ്പാമ്പ് ഇരവിഴുങ്ങിയ നിലയിലായിരുന്നു. ഉദ്യോഗസ്ഥൻ കഴുക്കോലിൽ ചുറ്റിവരിഞ്ഞ പാമ്പിനെ ആദ്യം താഴെ എത്തിച്ചു. ഏറെ പണിപ്പെട്ടാണ് കഴുക്കോലിൽ നിന്ന് പാമ്പിനെ താഴെയിറക്കിയത്