ആളില്ലാത്ത വീട്ടിൽ കഴിഞ്ഞത് ദിവസങ്ങളോളം; ദേഹം മുഴുവൻ മുറിവുകൾ; ഒടുവിൽ വലയിൽ കുരുങ്ങി പോയ അതിഥിക്ക് വിദഗ്ധ ചികിത്സ

Update: 2025-06-09 12:57 GMT

തൃശ്ശൂർ: ആളില്ലാത്ത വീട്ടിൽ ദിവസങ്ങളോളം വലയിൽ കുടുങ്ങി കിടക്കുകയായിരുന്ന പെരുമ്പാമ്പിനെ രക്ഷപ്പെടുത്തി. വെള്ളാനിക്കര അഗ്രികൾച്ചർ യൂണിവേഴ്സിറ്റി ക്വാർട്ടേഴ്സിനു സമീപത്തു നിന്നാണ് വലയിൽ കുടുങ്ങിയ നിലയിൽ പെരുമ്പാമ്പിനെ കണ്ടത്. വീട്ടുകാർ സ്ഥലത്തുണ്ടായിരുന്നില്ല. ഇവർ ശനിയാഴ്ച ഉച്ചയ്ക്ക് തിരിച്ചെത്തിയപ്പോഴാണ് പെരുമ്പാമ്പ് വലയിൽ കുടുങ്ങിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.

ഉടനെ വീട്ടുകാർ വനംവകുപ്പിനെ വിവരം അറിയിച്ചതിനെ തുടർന്ന് പറവട്ടാനി ഫോറസ്റ്റ് സ്റ്റേഷൻ എസ്ഐപിയിൽ നിന്ന് എത്തിയ ഫോറസ്റ്റ് റെസ്ക്യൂ വാച്ചർ നവാസ്, സർപ്പ വളണ്ടിയർ ശരത് മാടക്കത്തറ എന്നിവർ എത്തി പെരുമ്പാമ്പിനെ രക്ഷപ്പെടുത്തുകയായിരുന്നു.

ഒരാഴ്ചയിലധികമായി പാമ്പ് വലയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു എന്നാണ് എന്ന് കരുതുന്നു. വലയിൽ പെട്ടതിനെ തുടർന്ന് പെരുമ്പാമ്പിന്റെ ശരീരത്തിൽ വലിയ മുറിവുകൾ ഉണ്ടായിട്ടുണ്ട്. ഈ മുറിവുകളെല്ലാം പുഴുവരിച്ച നിലയിലാണ് ഇപ്പോൾ ഉള്ളത്.

Tags:    

Similar News