ഉന്നത വിദ്യാഭ്യാസ വികസനത്തിന് മുന്‍വര്‍ഷത്തേക്കാള്‍ 8.67 ശതമാനം; കേരളത്തെ ആഗോളവിദ്യാഭ്യാസ ഹബ്ബാക്കി മാറ്റാനുള്ള ഇതേവരെയുള്ള പ്രവര്‍ത്തനങ്ങളെ ദ്രുതഗതിയിലാക്കും; വിദ്യാര്‍ഥി സൗഹൃദ ജനകീയ ബജറ്റെന്ന് മന്ത്രി ആര്‍ ബിന്ദു
ഉന്നത വിദ്യാഭ്യാസ വികസനത്തിന് മുന്‍വര്‍ഷത്തേക്കാള്‍ 8.67 ശതമാനം
തിരുവനന്തപുരം: സര്‍ക്കാരിന്റെ വിദ്യാര്‍ഥികേന്ദ്രിത നിലപാടുകള്‍ ഊട്ടിയുറപ്പിക്കുന്നതാണ് സംസ്ഥാന ബജറ്റെന്ന് മന്ത്രി ഡോ. ആര്‍ ബിന്ദു. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളില്‍ ബിരുദ പഠനം സൗജന്യമാക്കിയതും കോളേജ് വിദ്യാര്‍ഥികള്‍ക്ക് മൂന്നു നഗരങ്ങളില്‍ (തൃശൂര്‍, എറണാകുളം, കോഴിക്കോട്) കോമണ്‍ ഹോസ്റ്റലുകള്‍ ആരംഭിക്കുന്നതും, മറ്റു സ്‌കോളര്‍ഷിപ്പുകളൊന്നും ലഭിക്കാത്ത ഗവേഷകവിദ്യാര്‍ഥികള്‍ക്ക് പുതുതായേര്‍പ്പെടുത്തിയ സി എം റിസേര്‍ച്ചര്‍ സ്‌കോളര്‍ഷിപ്പ് പതിനായിരത്തില്‍നിന്നും പതിനയ്യായിരം രൂപയാക്കി ഉയര്‍ത്തിയതും ഇതിനു തെളിവാണെന്നും മന്ത്രി പറഞ്ഞു.
ഉന്നതവിദ്യാഭ്യാസ വികസനത്തിന് മുന്‍വര്‍ഷത്തേക്കാള്‍ 8.67 ശതമാനം (67.95 കോടി രൂപ) കൂടുതലായി തുക 851.46 കോടി രൂപ മാറ്റിവെച്ചത് കേരളത്തെ ആഗോളവിദ്യാഭ്യാസ ഹബ്ബാക്കി മാറ്റാനുള്ള ഇതേവരെയുള്ള പ്രവര്‍ത്തനങ്ങളെ ദ്രുതഗതിയിലാക്കും. ഇത് നവകേരളസൃഷ്ടിയില്‍ ഉന്നതവിദ്യാഭ്യാസമേഖലയുടെ സംഭാവന വര്‍ദ്ധിപ്പിക്കും. സര്‍വ്വകലാശാലാ ഭരണത്തെ കേന്ദ്രഭരണ നേതൃത്വത്തിന്റെ പിന്തുണയില്‍ കലുഷിതമാക്കുമ്പോള്‍ സംസ്ഥാനസര്‍ക്കാര്‍ ആ മേഖലയെ കൂടുതല്‍ ശ്രദ്ധയോടെ പരിപോഷിപ്പിക്കുന്നത് ബജറ്റില്‍ കാണാം. ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലെ സര്‍വ്വകലാശാലകള്‍ക്ക് 259.09 കോടി രൂപ ബജറ്റില്‍ നീക്കിവെച്ചിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.
തൊഴിലും നൈപുണിയും ഉള്‍ച്ചേര്‍ന്ന പഠനപ്രക്രിയയിലേക്ക് മാറിക്കഴിഞ്ഞ സാങ്കേതിക വിദ്യാഭ്യാസത്തിന് 295 കോടി രൂപ നീക്കിവെച്ചത് വൈജ്ഞാനികസമ്പദ്- വ്യവസ്ഥ പണിതുയര്‍ത്തുന്നതിന് ആക്കം പകരും. ഇതില്‍ 49 കോടി രൂപ വകയിരുത്തിയിരിക്കുന്നത് സര്‍ക്കാര്‍ പോളി ടെക്‌നിക്കുകള്‍ക്കാണെന്നത് സാധാരണക്കാരായ വിദ്യാര്‍ഥികളോടുള്ള ചേര്‍ത്തുപിടിക്കലാണ്. ടെക്‌നിക്കല്‍ ഹൈസ്‌കൂളുകള്‍ക്കു മാത്രം തന്നെ 11.50 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
2036 ഒളിമ്പിക് ഗെയിംസില്‍ നമ്മുടെ കുട്ടികള്‍ മാറ്റുരയ്ക്കണമെന്നുറപ്പിച്ച് കായികവകുപ്പുമായി സഹകരിച്ചാരംഭിച്ച കോളേജ് സ്‌പോര്‍ട്‌സ് ലീഗിന് രണ്ടു കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. വിശ്വപൗരന്‍ കെ ആര്‍ നാരായണന്റെ സ്മരണയ്ക്കുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്‌സ് പ്രവര്‍ത്തനങ്ങള്‍ക്ക് 11.50 കോടി രൂപ കേരളത്തിന്റെ സ്വന്തം ഫിലിം സ്‌കൂളിന് കൂടുതല്‍ പ്രവര്‍ത്തനോര്‍ജ്ജം നല്‍കും. ഐഎച്ച്ആര്‍ഡിയ്ക്ക് 40 കോടിയും ട്രെസ്റ്റ് പാര്‍ക്കിന് നാല് കോടിയും എല്‍ബിഎസ് സെന്ററുകള്‍ക്ക് 9.58 കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്.
സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന് 22 കോടി നീക്കിവെച്ച ബജറ്റില്‍ ഉന്നതവിദ്യാഭ്യാസത്തിനേറ്റ അന്താരാഷ്ട്രവത്കരണം സുപ്രധാനമായി ഏറ്റെടുത്തിട്ടുണ്ട്. ഓക്‌സ്‌ഫോഡ് സര്‍വ്വകലാശാലയുമായി അക്കാഡമിക് സഹകരണത്തിന് രണ്ടു കോടി രൂപ മാറ്റിവെച്ചത് ഉദാഹരണം. സംസ്ഥാനത്താരംഭിച്ച അഞ്ച് സെന്റേഴ്സ് ഓഫ് എക്‌സലന്‍സ് രാജ്യാന്തര സ്ഥാപനങ്ങളാക്കാനുള്ള നടപടിയായി 12 കോടി രൂപ വകയിരുത്തിയതിനു പുറമെ, യുവതയില്‍ ശാസ്ത്രാഭിമുഖ്യം വളര്‍ത്താന്‍ ദീര്‍ഘക്കാഴ്ചയോടെ പണം വകയിരുത്തിയിട്ടുമുണ്ട്. ഉന്നതവിദ്യാഭ്യാസ വകുപ്പ് അഭിമാനസ്ഥാപനങ്ങളായി വളര്‍ത്തിക്കൊണ്ടുവരുന്ന കോട്ടയം സയന്‍സ് സിറ്റി, ചാലക്കുടി, പരപ്പനങ്ങാടി മേഖലാ ശാസ്ത്ര കേന്ദ്രങ്ങള്‍, കൊട്ടാരക്കര ശാസ്ത്ര മ്യൂസിയം തുടങ്ങിയ ശാസ്ത്രസാങ്കേതിക മ്യൂസിയങ്ങള്‍ക്ക് ശാക്തീകരണത്തിന് നീക്കിവെച്ചിരിക്കുന്നത് 30.70 കോടി രൂപയാണ്. നൈപുണ്യ വികസന പദ്ധതിയായ അസാപ് കേരളയ്ക്ക് 35.30 കോടി നല്‍കുകവഴി നൈപുണ്യവികസനപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഏറ്റെടുക്കപ്പെടും.
മുഖ്യമന്ത്രിയുടെ വിദ്യാര്‍ഥിപ്രതിഭ പുരസ്‌കാരം, കേരള റിസര്‍ച്ച് ഫെലോഷിപ്പ് തുടങ്ങിയ വിവിധ പഠന-ഗവേഷണ സ്‌കോളര്‍ഷിപ്പുകള്‍ക്കും ഫെലോഷിപ്പുകള്‍ക്കുമായി 38.76 കോടി രൂപ ബജറ്റ് മാറ്റിവെച്ചത് വിദ്യാര്‍ത്ഥിക്ഷേമ നിലപാടിന്റെ തുടര്‍ച്ചയാണ്. ഉന്നതവിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങളെ പ്രാദേശിക വികസനത്തില്‍ പങ്കുചേര്‍ക്കുക വഴി വിവിധ സര്‍വ്വകലാശാലകളില്‍ തുടക്കമിട്ട ട്രാന്‍സ്ലേഷണല്‍ റിസേര്‍ച്ച് ലാബുകള്‍ കൂടുതല്‍ ഗതിവേഗം കൈവരിക്കും. വിദ്യാര്‍ത്ഥി പഠന-സേവനങ്ങള്‍ക്ക് ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ സഹായം ലഭ്യമാക്കുന്ന കെ-റീപ്പ് (Kerala Resources for Education Administration & Planning) പദ്ധതിയ്ക്ക് രണ്ടു കോടി രൂപ നീക്കിവെച്ചത് പരീക്ഷയും ഫലപ്രഖ്യാപനവും വേഗത്തിലാക്കിയ പുതിയ പരിഷ്‌കാരങ്ങളെ കൂടുതല്‍ മുന്നോട്ടു കൊണ്ടുപോകും.
പശ്ചാത്തലസൗകര്യ വികസനത്തില്‍ വലിയ കുതിപ്പുകള്‍ ഉണ്ടാക്കിക്കഴിഞ്ഞ കലാലയങ്ങളില്‍ അടിസ്ഥാനസൗകര്യ വികസനത്തിന് 104 കോടി രൂപ കൂടി അനുവദിച്ചിട്ടുണ്ട്. സര്‍ക്കാര്‍ നിയമ കോളേജുകള്‍ക്ക് 16.70 കോടി രൂപ നല്‍കി. ജനകീയ സര്‍ക്കാര്‍ വായനാ സമൂഹത്തിനൊപ്പമെന്നു തെളിയിച്ച്, ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിനു കീഴിലെ ഗ്രന്ഥാലയ ലൈബ്രേറിയന്മാര്‍ക്ക് 1000 രൂപ വേതന വര്‍ദ്ധന വരുത്തിയിട്ടുണ്ടെന്നും മന്ത്രി ഡോ. ബിന്ദു പറഞ്ഞു.
