'കുട കരുതണം..'; സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ റെഡ് അലർട്ട്; 9 ജില്ലകളിൽ ഓറഞ്ച് അലർട്ട്; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പ്
തിരുവനന്തപുരം: കേരളത്തിലെ കാലാവസ്ഥയിൽ വീണ്ടും മാറ്റം. സംസ്ഥാനത്ത് ഇന്ന് മുതൽ വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യത. കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ടും ഉണ്ട്.
അതേസമയം, കേരളത്തിന് മുകളിൽ പടിഞ്ഞാറൻ കാറ്റ് ശക്തമാണെന്നാണ് ലഭിക്കുന്ന വിവരം. നാളെ മലപ്പുറം മുതൽ കാസർകോട് വരെ റെഡ് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റെല്ലാ ജില്ലകളിലും ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരളാ തീരത്ത് കടൽ പ്രക്ഷുബ്ദമാകാൻ സാധ്യതയുണ്ട്. 60 കി.മീ വരെ വേഗത്തിൽ കാറ്റ് വീശാനും, ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദേശമുണ്ട്. കാലവർഷം കനത്തതോടെ എറണാകുളത്തെ തീരപ്രദേശങ്ങളിൽ കടലാക്രമണം രൂക്ഷമാവുകയാണെന്നും റിപ്പോർട്ടുകൾ ഉണ്ട്.