വഞ്ചിയൂര്‍ വെടിവെപ്പ് കേസ്; പ്രതിയായ വനിതാ ഡോക്ടറുടെ പീഡന പരാതിയില്‍ യുവാവ് അറസ്റ്റില്‍; ഒരുമിച്ച് ജോലി ചെയ്യവേ സുജിത്ത് തന്നെ ബലംപ്രയോഗിച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് വനിതാ ഡോക്ടര്‍
വഞ്ചിയൂര്‍ വെടിവെപ്പ് കേസ്; പ്രതിയായ വനിതാ ഡോക്ടറുടെ പീഡന പരാതിയില്‍ യുവാവ് അറസ്റ്റില്‍;
തിരുവനന്തപുരം: വഞ്ചിയൂര്‍ വെടിവെപ്പ് കേസിലെ പ്രതിയായ വനിതാ ഡോക്ടറുടെ പീഡന പരാതിയില്‍ യുവാവ് അറസ്റ്റില്‍. തിരുവനന്തപുരം വള്ളക്കടവ് സ്വദേശി സുജിത് ഭാസ്‌കരനെയാണ് കൊല്ലം കണ്ണനല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. സുജിത്ത് തന്നെ ബലംപ്രയോഗിച്ച് ലൈംഗിക പീഡനത്തിനിരയാക്കിയെന്നാണു വനിതാ ഡോക്ടറുടെ പരാതി. ഇരുവരും ഒരുമിച്ച് ജോലി ചെയ്തിരുന്ന സമയത്താണു പീഡനം നടന്നത്.
കഴിഞ്ഞവര്‍ഷം ജൂലൈ 28 ന് സുജിത്തിന്റെ ഭാര്യ ഷിനിയെ വനിതാ ഡോക്ടര്‍ വെടിവെച്ച് പരിക്കേല്‍പ്പിച്ചിരുന്നു. വെടിവെയ്പ്പ് കേസില്‍ പിടിയിലായപ്പോഴാണ് സുജിത്തിനെതിരെ വനിതാ ഡോക്ടര്‍ പീഡന പരാതി നല്‍കിയത്. വനിതാ ഡോക്ടറും സുജിത്തും കൊല്ലത്ത് ഒന്നിച്ച് ജോലി ചെയ്തിരുന്നു. ഈ സമയത്തുണ്ടായ അടുപ്പമാണ് വെടിവെപ്പിലേക്ക് നയിച്ചത്.
കൊറിയര്‍ നല്‍കാനെന്ന വ്യാജേനയാണ് വനിതാ ഡോക്ടര്‍ സുജിത്തിന്റെ ഭാര്യയെ വീട്ടിലെത്തി എയര്‍ ഗണ്‍ ഉപയോഗിച്ച് വെടിവെച്ചത്. സംഭവത്തില്‍ വനിതാ ഡോക്ടറിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പോലീസ് കസ്റ്റഡിയിലിരിക്കെയാണ് സുജിത്തിനെതിരെ പീഡന പരാതി നല്‍കിയത്.
വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നും തുടര്‍ന്ന് സുജിത്ത് മാലദ്വീപിലേക്ക് പോയെന്നുമാണ് യുവതിയുടെ പരാതിയിലുണ്ടായിരുന്നത്. തന്നെ പീഡിപ്പിച്ചതിനുള്ള പ്രതികാരമായാണ് ആക്രമണം നടത്തിയത് എന്നായിരുന്നു വനിതാ ഡോക്ടര്‍ മൊഴി നല്‍കിയിരുന്നത്. പരാതിയെ തുടര്‍ന്ന് സുജിത്തിനെതിരെ വഞ്ചിയൂര്‍ പോലീസ് 2024 ഓഗസ്റ്റില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.