ഭാര്യ സഹോദരിയെ ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്; ഒളിവിലായിരുന്ന പ്രതി വീടിനുള്ളിൽ മരിച്ച നിലയിൽ; സംഭവം ആലപ്പുഴയിൽ
ആലപ്പുഴ: ആലപ്പുഴ ചേർത്തലയിൽ ഭാര്യ സഹോദരിയെ കൊലപ്പെടുത്തിയ കേസിൽ ഒളിവിലായിരുന്ന പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. ചേർത്തല സ്വദേശി രതീഷിനെ (41)ആണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യാ സഹോദരിയെ ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയ വീട്ടിൽ തന്നെയാണ് രതീഷും തൂങ്ങിമരിച്ചത്. വെള്ളിയാഴ്ച പുലർച്ചെയാണ് വീടിനുള്ളിൽ രതിഷിൻ്റെ മൃതദേഹം കണ്ടെത്തിയത്.
2021ലാണ് കേസിനാസ്പദമായ സംഭവം. വീട്ടിൽ വെച്ച് ഭാര്യാ സഹോദരിയെ രതീഷ് ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. കേസിൽ ജാമ്യത്തിൽ പുറത്തിറങ്ങിയ രതീഷ് ഒളിവിൽ പോകുകയായിരുന്നു. മൂന്ന് വർഷത്തിന് ശേഷമാണ് കേസിൽ വിചാരണ ആരംഭിക്കുന്നത്. ആദ്യഘട്ട വിചാരണ ചൊവ്വാഴ്ച വെച്ചിരുന്നു. എന്നാൽ വിചാരണക്ക് രതീഷ് ഹാജരായിരുന്നില്ല. തുടർന്ന് ഇയാളെ തേടി ഇന്നലെ പൊലീസ് എത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. രതീഷിന്റെ ഭാര്യ വിദേശത്താണ്. പട്ടണക്കാട് പോലീസ് കേസെടുത്തിട്ടുണ്ട്.