കര്‍ശന സുരക്ഷയൊരുക്കണം; രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ ശബരിമല സന്ദര്‍ശനം വീണ്ടും റദ്ദാക്കി; ക്ഷേത്രനട നാളെ തുറക്കും

രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ ശബരിമല സന്ദര്‍ശനം വീണ്ടും റദ്ദാക്കി

Update: 2025-05-13 14:49 GMT

പത്തനംതിട്ട: ഇന്ത്യന്‍ പ്രസിഡന്റ് ദ്രൗപതി മുര്‍മുവിന്റെ ശബരിമല ദര്‍ശനം വീണ്ടും റദ്ദാക്കി. അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സുരക്ഷ കണക്കിലെടുത്താണ് സന്ദര്‍ശനം റദ്ദാക്കിയത്. 19 ന് രാഷ്ട്രപതി ശബരിമല ദര്‍ശനം നടത്തുമെന്നും സുരക്ഷയൊരുക്കണമെന്നും കേരളാ പോലീസിനും ഇന്റലിജന്‍സ് വിഭാഗത്തിനും ഇന്ന് രാവിലെ നിര്‍ദേശം ലഭിച്ചിരുന്നു. എന്നാല്‍ വൈകിട്ടോടെ ശബരിമല ദര്‍ശനം റദ്ദാക്കിയെന്ന് പോലീസിന് വിവരം ലഭിച്ചു.

രാഷ്ട്രപതിയുടെ ശബരിമല ദര്‍ശനത്തെപ്പറ്റി നേരത്തേ സൂചനയുണ്ടായിരുന്നു. 18,19 തീയതികളില്‍ കേരളത്തിലുള്ള രാഷ്ട്രപതി 19 ന് ശബരിമല എത്തുമെന്ന കണക്കുകൂട്ടലില്‍ ദേവസ്വം ബോര്‍ഡും പോലീസ് ഇന്റലിജന്‍സും പ്രവര്‍ത്തനം തുടങ്ങിയിരുന്നു. എന്നാല്‍, അതിര്‍ത്തിയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സന്ദര്‍ശനം സംബന്ധിച്ച് അന്തിമ അറിയിപ്പൊന്നും ഉണ്ടായില്ല.

സംഘര്‍ഷത്തിന് അയവു വന്ന സാഹചര്യത്തില്‍ 19 ന് രാഷ്ട്രപതി ദര്‍ശനത്തിന് എത്തുമെന്ന് സ്ഥിരീകരിച്ചു. മുന്നൊരുക്കങ്ങള്‍ക്ക് സുരക്ഷാ സേനകള്‍ക്ക് നിര്‍ദേശവും വന്നു. നിലയ്ക്കലില്‍ ഹെലികോപ്ടറില്‍ ഇറങ്ങി റോഡ് മാര്‍ഗം പമ്പയിലേക്കും അവിടെ നിന്ന് ശബരിമലയിലേക്കും പോകാനായിരുന്നു പ്ലാന്‍. രാഷ്ട്രപതി എത്തുമെന്ന പ്രതീക്ഷയില്‍ പോലീസും ഇന്റലിജന്‍സും സുരക്ഷാ ഓഡിറ്റ് പൂര്‍ത്തിയാക്കിയിരുന്നു.

അതിനിടെ ഇടവ മാസ പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി നട തുറന്ന് ദീപം തെളിക്കും. തുടര്‍ന്ന് പതിനെട്ടാം പടിക്ക് താഴെ ആഴിയില്‍ അഗ്നി പകരും. ഇടവമാസം ഒന്നിന് പുലര്‍ച്ചെ അഞ്ചിന് നട തുറക്കും. ഭക്തര്‍ക്ക് സൗകര്യപ്രദവും സുരക്ഷിതവുമായ തീര്‍ത്ഥാടനം ഒരുക്കുന്നതിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സര്‍ക്കാരും സര്‍ക്കാരും എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി. ഇടവ മാസ പൂജകള്‍ പൂര്‍ത്തിയാക്കി 19 ന് രാത്രി 10 ന് നട അടയ്ക്കും.


Tags:    

Similar News