രാഷ്ട്രപതി ദ്രൗപദി മുര്‍മു കേരളത്തില്‍; എത്തിയത് നാലുദിവസത്തെ സന്ദര്‍ശനത്തിന്; ശവര്‍ണറും മുഖ്യമന്ത്രിയും മേയറും ചേര്‍ന്ന് ദ്രൗപദി മുര്‍മുവിനെ സ്വീകരിച്ചു; ഇന്നുരാജ്ഭവനില്‍ താമസം; ശബരിമല ദര്‍ശനം നാളെ
രാഷ്ട്രപതി ദ്രൗപദി മുര്‍മു കേരളത്തില്‍
തിരുവനന്തപുരം: നാലുദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുര്‍മു കേരളത്തിലെത്തി. വൈകീട്ട് 6.20 ഓടെയാണ് രാഷ്ട്രപതി തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയത്. ശവര്‍ണറും മുഖ്യമന്ത്രിയും മേയറും ചേര്‍ന്ന് രാഷ്ട്രപതിയെ സ്വീകരിച്ചു. ഇന്ന് രാജ്ഭവനിലാണ് രാഷ്ട്രപതിയുടെ താമസം.
നാളെ (ബുധനാഴ്ച) രാവിലെ 9.35-ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ഹെലികോപ്റ്ററില്‍ നിലയ്ക്കലിലേക്ക് തിരിക്കും. കനത്ത മഴ കണക്കിലെടുത്ത് ഹെലികോപ്ടര്‍ ഇറക്കാന്‍ പൂങ്കാവ് ഇന്‍ഡോര്‍ സ്‌റ്റേഡിയവും പരിഗണിക്കുന്നുണ്ട്.
10.20ന് നിലയ്ക്കലെത്തുന്ന രാഷ്ട്രപതി റോഡ് മാര്‍ഗം പമ്പയിലെത്തും. പമ്പ ഗണപതി ക്ഷേത്രത്തില്‍ കെട്ട് നിറച്ചശേഷം, പ്രത്യേക ഗൂര്‍ഖാ ജീപ്പിലാണ് അകമ്പടി വാഹനവ്യൂഹം ഒഴിവാക്കി മലകയറുക. സ്വാമി അയ്യപ്പന്‍ റോഡിലൂടെയാണ് മലകയറ്റം. ഗവര്‍ണറും ഭാര്യയും രാഷ്ട്രപതിക്ക് ഒപ്പമുണ്ടാകും. പന്ത്രണ്ട് മണിയോടെ സന്നിധാനത്തെത്തുന്ന രാഷ്ട്രപതി ദര്‍ശനത്തിന് ശേഷം ദേവസ്വം ഗസ്റ്റ് ഹൗസില്‍ തങ്ങും. ഉച്ചഭക്ഷണത്തിന് ശേഷം മൂന്ന് മണിക്ക് പമ്പയിലേക്ക് തിരിക്കും. രാഷ്ട്രപതിയുടെ ശബരിമല സന്ദര്‍ശനത്തിന്റെ ഭാഗമായി സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. തീര്‍ത്ഥാടകര്‍ക്ക് നാളെ നിയന്ത്രണം ഉണ്ടാകും
ശബരിമല ദര്‍ശനത്തിനുശേഷം രാത്രി തിരുവനന്തപുരത്ത് തിരിച്ചെത്തും. ഹോട്ടല്‍ ഹയാത്ത് റീജന്‍സിയില്‍ ഗവര്‍ണര്‍ രാജേന്ദ്രവിശ്വനാഥ ആര്‍ലേക്കര്‍ നല്‍കുന്ന അത്താഴ വിരുന്നില്‍ പങ്കെടുക്കും.
23-ന് രാവിലെ 10.30-ന് രാജ്ഭവനില്‍ മുന്‍ രാഷ്ട്രപതി കെ.ആര്‍. നാരായണന്റെ പ്രതിമ അനാച്ഛാദനം ചെയ്യുന്ന രാഷ്ട്രപതി, 12.50-ന് ശിവഗിരിയില്‍ ശ്രീനാരായണ ഗുരുമഹാസമാധി സമ്മേളനം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് പാലാ സെയ്ന്റ് തോമസ് കോളേജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷ ചടങ്ങിലും സംബന്ധിക്കും. അന്ന് രാത്രി കുമരകത്താണ് താമസം. 24-ന് എറണാകുളം സെയ്ന്റ് തെരേസാസ് കോളേജിലെ ചടങ്ങില്‍ പങ്കെടുത്ത ശേഷം രാഷ്ട്രപതി ഡല്‍ഹിക്ക് മടങ്ങും.