മെഡിക്കല്‍ കോളേജിന്റെ ശോചനീയാവസ്ഥയ്ക്ക് പ്രധാന കാരണം മന്ത്രിയും മന്ത്രിയുടെ ഓഫീസിന്റെയും രാഷ്ട്രീയ ഇടപെടല്‍; ആരോഗ്യമന്ത്രി അന്വേഷണ മന്ത്രിയായെന്ന് ആര്‍ എസ് രാജീവ്

Update: 2025-07-01 02:38 GMT

തിരുവനന്തപുരം: കേരളത്തിലെ ആരോഗ്യവകുപ്പ് മന്ത്രി അന്വേഷണ വകുപ്പ് മന്ത്രിയായി അധപതിക്കുന്നുവെന്ന് ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ ആര്‍ എസ് രാജീവ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ രോഗികളെ ബാധിക്കുന്ന നിരവധി വിഷയങ്ങളില്‍ ആരോഗ്യ വകുപ്പ് മന്ത്രി അന്വേഷണം മാത്രമാണ് പ്രഖ്യാപിക്കുന്നത്. യഥാര്‍ത്ഥത്തില്‍ അന്വേഷിക്കേണ്ടത് സ്വന്തം വകുപ്പിലെ പരാജയത്തെ കുറിച്ചാണ്. െമഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനത്തിനായി കഴിഞ്ഞ വര്‍ഷം നല്‍കിയ ഫണ്ടിന്റെ പകുതി മാത്രമാണ് പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയിട്ടുള്ളതെന്ന് രാജീവ് പറഞ്ഞു.

മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കും മറ്റ് കമ്പനികള്‍ക്കുമായി ഏതാണ്ട് ആയിരം കോടിയിലധികം രൂപയാണ് സര്‍ക്കാര്‍ നാളിതുവരെ നല്‍കേണ്ടത്. എന്നാല്‍ മെഡിക്കല്‍ കോളേജിലെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടക്കുവാനുള്ള സാധനസാമഗ്രികള്‍ നല്‍കേണ്ട കമ്പനികള്‍ക്ക് ഈ തുക നല്‍കാത്തത് ആരോഗ്യ വകുപ്പിന്റെ പിടിപ്പുകേടാണ്. കേന്ദ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയെ പേര് മാറ്റി കാസ്പ എന്ന പേരില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതിയില്‍ അനര്‍ഹരായ നിരവധി ആള്‍ക്കാരെയാണ് തിരികയറ്റിയിരിക്കുന്നത്.

ഇതുവഴി അര്‍ഹരായവര്‍ക്ക് കിട്ടേണ്ട ആരോഗ്യം ഇന്‍ഷുറന്‍സ് പദ്ധതി സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിച്ചിരിക്കുകയാണ്.ഈ മന്ത്രി അധികാരത്തില്‍ വന്നതിനുശേഷം 50 തില്‍ അധികം അന്വേഷണങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷേ അതില്‍ യാതൊരു പരിഹാരം കാണുവാന്‍ ആരോഗ്യവകുപ്പ് മന്ത്രിക്ക് സാധിച്ചിട്ടില്ല. കേരളത്തിലെ ആരോഗ്യ വകുപ്പ് മന്ത്രി അന്വേഷണ വകുപ്പ് മന്ത്രിയായി അധപതിച്ചിരിക്കുകയാണ്. മെഡിക്കല്‍ കോളേജിന്റെ ശോചനീയാവസ്ഥയ്ക്ക് പ്രധാന കാരണം മന്ത്രിയും മന്ത്രിയുടെ ഓഫീസിന്റെയും രാഷ്ട്രീയ ഇടപെടല്‍ ആണ്.

യഥാര്‍ത്ഥത്തില്‍ സ്വകാര്യ മെഡിക്കല്‍ ലോബികളെ സഹായിക്കുന്ന നിലപാടാണ് സര്‍ക്കാരിന്റെ നിരുത്തരപരമായ നടപടിയിലൂടെ ഉണ്ടാകുന്നത് സമ്പൂര്‍ണ്ണ പരാജയമായ ആരോഗ്യവകുപ്പ് മന്ത്രി രാജിവച്ച് പോവുകയാണ് ആരോഗ്യകേരളത്തിന് നല്ലത്-ആര്‍ എസ് രാജീവ് പറഞ്ഞു.

Similar News