വീട്ടുകാര്‍ അറിയാതെ രഹസ്യ വിവാഹം; പ്രസവിച്ച് മൂന്നാം ദിവസം കുഞ്ഞിനെ റോഡരികില്‍ ഉപേക്ഷിച്ച് ദമ്പതികള്‍: ഇരുവരേയും അറസ്റ്റ് ചെയ്ത് പോലിസ്
വീട്ടുകാര്‍ അറിയാതെ രഹസ്യ വിവാഹം; പ്രസവിച്ച് മൂന്നാം ദിവസം കുഞ്ഞിനെ റോഡരികില്‍ ഉപേക്ഷിച്ച് ദമ്പതികള്‍
മുംബൈ: മൂന്ന് ദിവസം പ്രായമായ കുഞ്ഞിനെ നടുറോഡില്‍ ഉപേക്ഷിച്ച് കടന്നു കളഞ്ഞ ദമ്പതികളെ പോലിസ് അറസ്റ്റ് ചെയ്തു. മാതാപിതാക്കളോട് കുഞ്ഞിനെ ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നു പൊലീസ് അറിയിച്ചു. പരിപാലിക്കാന്‍ പണമില്ലെന്ന കുറിപ്പെഴുതി വെച്ചാണ് ഇരുവരും ചേര്‍ന്ന് കുഞ്ഞിനെ ഉപേക്ഷിച്ചത്. കേസില്‍ മുംബ്ര സ്വദേശിനിയായ അമ്മയും (20) ഭിവണ്ടി സ്വദേശിയായ അച്ഛന്‍ അമന്‍ കോന്ദ്രും (24) അറസ്റ്റിലായി.
ഇരുവരും സാമ്പത്തികശേഷിയുള്ള കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. അമന്‍ എന്‍ജിനീയറിങ് ബിരുദധാരിയാണ്. കുടുംബത്തിന്റെ അറിവോടെയല്ലാതെ രഹസ്യമായാണ് ഇരുവരും കഴിഞ്ഞവര്‍ഷം വിവാഹിതരായത്. അതിനാല്‍, വീട്ടുകാര്‍ എതിര്‍ക്കുമെന്നു ഭയന്നാണു കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് ഇരുവരും മൊഴി നല്‍കിയിട്ടുണ്ട്.
മുംബ്രയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രസവം. തുടര്‍ന്ന്, പന്‍വേലിലെ താക്ക കോളനിയിലുള്ള പെണ്‍കുട്ടികളുടെ അനാഥാലയത്തിനു സമീപം റോഡരികില്‍ നീല ബാസ്‌ക്കറ്റില്‍ കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നു. പ്രദേശവാസികള്‍ കണ്ടെത്തിയ കുഞ്ഞ് നിലവില്‍ ശിശുക്ഷേമ വകുപ്പിന്റെ സംരക്ഷണത്തില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.