വെട്ടുകാട് തിരുനാള്‍: നാളെ ഉച്ചയ്ക്ക് ശേഷം പ്രാദേശിക അവധി; ഉത്തരവ് തിരുവനന്തപുരം, നെയ്യാറ്റിന്‍കര താലൂക്ക് പരിധിയില്‍

വെട്ടുകാട് തിരുനാള്‍: നാളെ ഉച്ചയ്ക്ക് ശേഷം പ്രാദേശിക അവധി

Update: 2024-11-14 12:21 GMT

തിരുവനന്തപുരം: വെട്ടുകാട് മാദ്രെ ദേവൂസ് ദൈവാലയത്തിലെ തിരുനാള്‍ പ്രമാണിച്ച് വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം ജില്ലാ കളക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, നെയ്യാറ്റിന്‍കര താലൂക്കുകളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് ഉച്ചയ്ക്ക് ശേഷം പ്രഖ്യാപിച്ചിരിക്കുന്നത്.

മുന്‍പ് നെയ്യാറ്റിന്‍കര താലൂക്കില്‍ ഉള്‍പ്പെട്ടിരുന്നതും ഇപ്പോള്‍ കാട്ടാക്കട താലൂക്കില്‍ ഉള്ളതുമായ അമ്പൂരി, വാഴിച്ചല്‍, കള്ളിക്കാട്, ഒറ്റശേഖരമംഗലം, കീഴാറ്റൂര്‍, കുളത്തുമ്മല്‍, മാറനല്ലൂര്‍, മലയിന്‍കീഴ്, വിളവൂര്‍ക്കല്‍, വിളപ്പില്‍ എന്നീ വില്ലേജ് പരിധിയില്‍ വരുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. മുന്‍ നിശ്ചയിച്ച പ്രകാരമുള്ള പൊതുപരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കുന്നതല്ല.

നവംബര്‍ 15 മുതല്‍ 24 വരെയാണ് വെട്ടുകാട് തിരുനാള്‍ മഹോത്സവം നടക്കുന്നത്. ഉത്സവദിനങ്ങളില്‍ ഉച്ചയ്ക്ക് രണ്ട് മുതല്‍ രാത്രി 11 മണി വരെയും സമാപന ദിവസം രാവിലെ എട്ട് മണി മുതല്‍ രാത്രി 11 മണി വരെയുമായിരിക്കും മെഡിക്കല്‍ ടീം പ്രവര്‍ത്തിക്കുക. കൂടാതെ ആംബുലന്‍സിന്റെ സേവനവും ലഭ്യമായിരിക്കും. കെ.എസ്.ആര്‍.ടി.സി സാധാരണ സര്‍വീസുകള്‍ക്ക് പുറമേ പത്ത് അഡീഷണല്‍ സര്‍വീസുകള്‍ ഉത്സവ മേഖലയില്‍ നടത്തും. കൂടാതെ കിഴക്കേകോട്ട, തമ്പാനൂര്‍ മേഖലകളില്‍ നിന്ന് ഇലക്ട്രിക് ബസുകളും സ്പെഷ്യല്‍ സര്‍വീസിനായി സജ്ജീകരിക്കും.

Tags:    

Similar News