മുഖം മറയ്ക്കാതെ, കൂസലില്ലാതെ എത്തിയ മോഷ്ടാവ്; ചില്ലറ ഒഴിവാക്കി വലിയ നോട്ടുകൾ മാത്രം കീശയിലാക്കി 'സെലക്റ്റീവ്' കവർച്ച; കാങ്കോൽ ക്ഷേത്രത്തിൽ ഭണ്ഡാരം തകർത്ത കള്ളനായി വലവിരിച്ച് പോലീസ്

Update: 2026-02-08 15:38 GMT

കണ്ണൂർ: കണ്ണൂർ കാങ്കോൽ ശിവക്ഷേത്രത്തിൽ ഭണ്ഡാരം തകർത്ത് കവർച്ച നടത്തിയ പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. ക്ഷേത്രഗോപുരത്തോട് ചേർന്നുള്ള അരയാൽ തറയിൽ സ്ഥാപിച്ചിരുന്ന സ്റ്റീൽ ഭണ്ഡാരമാണ് മോഷ്ടാവ് തകർത്ത് പണം കവർന്നത്. മോഷണത്തിന്റെ ദൃശ്യങ്ങൾ ക്ഷേത്രത്തിലെ നിരീക്ഷണ ക്യാമറകളിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. സംഭവത്തിൽ പെരിങ്ങോം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ശനിയാഴ്ച രാത്രി എട്ടിനും പത്തിനും ഇടയിലാണ് കള്ളൻ ക്ഷേത്രത്തിലെത്തിയതെന്നാണ് പ്രാഥമിക നിഗമനം.

മുഖം മറയ്ക്കാതെ, യാതൊരു കൂസലുമില്ലാതെ അരയാൽ തറയുടെ സമീപത്തേക്കെത്തിയ മോഷ്ടാവ് സ്റ്റീൽ ഭണ്ഡാരം തകർക്കുകയായിരുന്നു. ഭണ്ഡാരത്തിൽ നിന്ന് നോട്ടുകൾ മാത്രം കവർന്ന മോഷ്ടാവ് ചില്ലറ നാണയങ്ങളും പത്തിന്റെയും ഇരുപതിന്റെയും നോട്ടുകളും ഉപേക്ഷിച്ചാണ് മടങ്ങിയത്. തകർത്ത ഭണ്ഡാരം പിന്നീട് ക്ഷേത്ര വഴിപാട് കൗണ്ടറിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ മോഷണം നടത്തിയത് പ്രായം കുറഞ്ഞ ഒരാളാണെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തൽ.

കവർച്ച നടന്ന ശനിയാഴ്ച ക്ഷേത്രത്തിന് സമീപം സെവൻസ് ഫുട്ബോൾ മത്സരങ്ങൾ നടന്നിരുന്നു. ഈ മത്സരത്തിനെത്തിയ ആളോ പ്രദേശവാസിയോ ആകാം പ്രതിയെന്നാണ് പോലീസിന്റെ നിരീക്ഷണം. ഏറെ നാളായി ഭണ്ഡാരം തുറന്ന് പരിശോധിക്കാത്തതിനാൽ എത്ര രൂപ നഷ്ടപ്പെട്ടുവെന്ന് ക്ഷേത്ര ഭരണസമിതിക്ക് കൃത്യമായ കണക്കുകളില്ല. ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസറുടെ പരാതിയിലാണ് പെരിങ്ങോം പോലീസ് അന്വേഷണം ഊർജിതമാക്കിയത്. 

Tags:    

Similar News