പുലർച്ചെ കൂട്ടുകാരിയെ യാത്രയാക്കി മടക്കം; പിന്നാലെ വൈറ്റിലയിൽ യുവതിയെ കാറിടിച്ച് തെറിപ്പിച്ചു; രണ്ട് കുരുന്നുകളെ തനിച്ചാക്കി ഗോപിക യാത്രയായി; ടാക്സി ഡ്രൈവർ കസ്റ്റഡിയിൽ
കൊച്ചി: വൈറ്റിലയിൽ നിയന്ത്രണം വിട്ട ടാക്സി കാറിടിച്ച് കാൽനടയാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം. കൊല്ലം മാറനാട് പടിഞ്ഞാറ് ഇടവട്ടം ചാമത്തുണ്ടിൽ വീട്ടിൽ ജി. ഗോപിക (31) ആണ് മരിച്ചത്. അപകടത്തിൽ ഗോപികയോടൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് തൃശ്ശൂർ കൂർക്കഞ്ചേരി സ്വദേശിനി മുഹ്സിനയ്ക്ക് (24) പരിക്കേറ്റു. സംഭവത്തിൽ ടാക്സി ഓടിച്ചിരുന്ന അരൂർ സ്വദേശി വിവേക് സജീവിനെ (30) കടവന്ത്ര പോലീസ് കസ്റ്റഡിയിലെടുത്തു.
മരിച്ച ഗോപിക മക്കളായ ശബരിനാഥ്, ആര്യനാഥ് എന്നിവരുടെ ഏക ആശ്രയമായിരുന്നു. ഭർത്താവ് മനു മോഹന്റെ മരണശേഷം രണ്ട് മക്കളുടെയും സംരക്ഷണം ഗോപികയുടെ ചുമതലയിലായിരുന്നു. ബി.ജെ.പി പവിത്രേശ്വരം ഏരിയ പ്രസിഡന്റ് ജെ. ജയചന്ദ്രബാബുവിന്റെയും ബി. അംബികയുടെയും മകളാണ് ഗോപിക. അപകടത്തിൽ പരിക്കേറ്റ മുഹ്സിനയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
വൈറ്റില പാരഡൈസ് റോഡിലെ ലേഡീസ് ഹോസ്റ്റലിലാണ് ഗോപികയും മുഹ്സിനയും താമസിച്ചിരുന്നത്. ഇന്നലെ പുലർച്ചെ മറ്റൊരു സുഹൃത്തിനെ വൈറ്റില മൊബിലിറ്റി ഹബ്ബിൽ ബസിൽ കയറ്റിവിട്ട ശേഷം ഹോസ്റ്റലിലേക്ക് മടങ്ങുകയായിരുന്നു ഇരുവരും. പുലർച്ചെ ആറ് മണിയോടെ വൈറ്റില മാർബിൾ ഷോപ്പിന് സമീപത്ത് വെച്ചായിരുന്നു അപകടം. എതിർ ദിശയിൽ നിന്നെത്തിയ ടാക്‌സി കാർ നിയന്ത്രണം വിട്ട് ഇവരെ ഇടിക്കുകയായിരുന്നു.
അപകടം കണ്ട നാട്ടുകാർ ഉടൻതന്നെ ഇരുവരേയും ആശുപത്രിയിലെത്തിച്ചെങ്കിലും ഗോപികയുടെ ജീവൻ രക്ഷിക്കാനായില്ല. അരൂർ കെൽട്രോൺ റോഡിൽ കണ്ടെത്തിത്തറ വീട്ടിൽ വിവേക് സജീവിനെതിരെ (30) കടവന്ത്ര പോലീസ് മനപ്പൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തിട്ടുണ്ട്.