ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം; മരിച്ചത് കണ്ണപുരം സ്വദേശി ശൈലജ; വേദനയോടെ കുടുംബം
കണ്ണൂർ: കണ്ണപുരത്ത് സ്വകാര്യ ബസ് സ്റ്റോപ്പിന് സമീപം നിയന്ത്രണം വിട്ട ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വയോധികയായ സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം. ചെറുകുന്ന് പോസ്റ്റോഫീസ് ഏജന്റായ കണ്ണപുരം സ്വദേശിനി ശൈലജ (63) ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരത്തോടെയാണ് അപകടം നടന്നത്.
അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ശൈലജയെ ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയുമായിരുന്നു. മെഡിക്കൽ കോളേജിൽ വെച്ച് നടത്തിയ പരിശോധനകൾക്കൊടുവിലാണ് മരണപ്പെട്ടതായി സ്ഥിരീകരിച്ചത്. സംഭവ സ്ഥലത്ത് വെച്ച് തന്നെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതായാണ് പ്രാഥമിക റിപ്പോർട്ടുകൾ.
ശൈലജയുടെ മൃതദേഹം നിലവിൽ പരിയാരം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് അധികൃതർ അറിയിച്ചു.