ജല അതോറിറ്റിയുടെ ബോര്‍ഡ് വച്ച കാറില്‍ ചന്ദനം കടത്ത്; പിടിച്ചെടുത്തത് 40 കിലോ ചന്ദന മുട്ടികള്‍: ഏഴു പേര്‍ അറസ്റ്റില്‍

ജല അതോറിറ്റിയുടെ ബോര്‍ഡ് വച്ച കാറില്‍ ചന്ദനം കടത്ത്; ഏഴു പേര്‍ അറസ്റ്റില്‍

Update: 2024-11-15 00:48 GMT

ബേപ്പൂര്‍: ജല അതോറിറ്റിയുടെ ബോര്‍ഡ് വച്ച കാറില്‍ ചന്ദനം കടത്തിയ അഞ്ച് അംഗ സംഘം അറസ്റ്റില്‍. മറ്റൊരു റെയ്ഡില്‍ ചന്ദനം കടത്തിയ രണ്ടു പേരെയും വനംവകുപ്പ് പിടികൂടി. ജല അതോറിറ്റിയുടെ ബോര്‍ഡ് വച്ചു ചന്ദനം കടത്തിയ സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ പന്തീരാങ്കാവ് ഇന്ദിര ഭവനില്‍ എന്‍.ശ്യാംപ്രസാദ് (44), നല്ലളം വാഹിദ് മന്‍സിലില്‍ സി.പി.നൗഫല്‍ (53), ഒളവണ്ണ കൊരവന്‍കണ്ടി ഷാജുദ്ദീന്‍ (36), പന്തീരാങ്കാവ് സ്വദേശികളായ പറമ്പില്‍തൊടി സി.ടി.അനില്‍ (49), പട്ടാമ്പുറത്ത് മീത്തല്‍ പി.എം.മണി (53) എന്നിവരാണ് അറസ്റ്റിലായത്.

ജലഅതോറിറ്റിയുടെ ബോര്‍ഡ് സ്ഥാപിച്ച കാറില്‍ ചന്ദനം കടത്തുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഫോറസ്റ്റ് ഇന്റലിജന്‍സ് സെല്ലും ഫ്‌ലയിങ് സ്‌ക്വാഡും ചേര്‍ന്നു നടത്തിയ നീക്കത്തില്‍ മലാപ്പറമ്പ് ജലഅതോറിറ്റി ഓഫിസ് പരിസരത്ത് നിന്നാണ് പ്രതികള്‍ പിടിയിലായത്. പരിശോധനയില്‍ കാറിന്റെ ഡിക്കിയില്‍ നിന്നു ചന്ദന മുട്ടികള്‍ കണ്ടെടുത്തു. എന്നാല്‍ തങ്ങള്‍ കരാര്‍ വ്യവസ്ഥയില്‍ എടുത്ത വാഹനത്തിലല്ല ചന്ദനം കടത്തിയതെന്ന് ജല അതോറിറ്റി അറിയിച്ചു. പകരം ജല അതോറിറ്റിയുടെ ബോര്‍ഡ് പ്രതി മറ്റൊരു വാഹനത്തില്‍ ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നും ജല അതോറിറ്റി അധികൃതര്‍ പറഞ്ഞു. പ്രതികളില്‍ നിന്നും 40 കിലോ ചന്ദന മുട്ടികള്‍ പിടിച്ചെടുത്തു.

സംഘം സഞ്ചരിച്ച കാറും സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തു. കേസില്‍ കൂട്ടുപ്രതിയായ നല്ലളം സ്വദേശിക്കായി തിരച്ചില്‍ വ്യാപിപ്പിച്ചു. സ്വകാര്യ പറമ്പുകളില്‍ നിന്നു മുറിച്ചു കടത്തിയതാണ് ചന്ദനം എന്നാണു പ്രാഥമിക വിവരം. ഇതു ആര്‍ക്കാണ് വില്‍പന നടത്തുന്നതെന്ന കാര്യം വനപാലകര്‍ അന്വേഷിച്ചു വരികയാണ്. ചോദ്യം ചെയ്യലിനെത്തുടര്‍ന്നു സംഘത്തില്‍നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ വൈകിട്ട് ഫ്‌ലയിങ് സ്‌ക്വാഡ് നടത്തിയ മറ്റൊരു റെയ്ഡില്‍ 10 കിലോ ചെത്തി ഒരുക്കിയ ചന്ദനവും 2 പ്രതികളെയും കല്ലാനോട് വച്ച് പിടികൂടി. ബാലുശ്ശേരി ചെറുകാട് തച്ചറോത്ത് ചാലില്‍ അതുല്‍ (29), കൂരാച്ചുണ്ട് കല്ലാനോട് ഒതയോത്ത് വിഷ്ണു(26) എന്നിവരാണ് പിടിയിലായത്. ഇവര്‍ ചന്ദനം കടത്താന്‍ ഉപയോഗിച്ച 2 ഇരുചക്ര വാഹനങ്ങളും പിടികൂടി.

Tags:    

Similar News