അപകടകരമായ രീതിയിൽ പാഞ്ഞെത്തിയ കാർ നിർത്താൻ ശ്രമിച്ചു; എസ്ഐയെ കാർ ഇടിച്ചു കയറ്റി; ബോണറ്റിൽ തൂങ്ങിക്കിടന്ന ഉദ്യോഗസ്ഥൻ രക്ഷപ്പെട്ടത് തലനാരിഴക്ക്; പ്രതികൾ പിടിയിൽ
By : സ്വന്തം ലേഖകൻ
Update: 2025-10-08 12:11 GMT
കണ്ണൂർ: വളപട്ടണം സ്റ്റേഷനിലെ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്ഐക്ക് നേരെ കാർ ഇടിച്ചുകയറ്റി അപകടപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ രണ്ടു യുവാക്കൾ അറസ്റ്റിൽ. മാടായി സ്വദേശി ഫായിസ് അബ്ദുൽ ഗഫൂർ, മാട്ടൂൽ സ്വദേശി പി.പി. നിയാസ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. വളപട്ടണം പാലത്തിനു സമീപം ഇന്നലെ രാത്രിയാണ് സംഭവം. വളപട്ടണം സ്റ്റേഷനിലെ എസ്ഐ ടി.എം. വിപിന് നേരെയാണ് അക്രമമുണ്ടായത്.
അപകടകരമായ രീതിയിൽ ഓടിച്ചെത്തിയ കാർ നിർത്താൻ ആവശ്യപ്പെട്ടപ്പോഴാണ് എസ്ഐയെ കാറിടിച്ചു നീക്കാനുള്ള ശ്രമം നടന്നത്. ഓട്ടോയിലും മറ്റ് കാറുകളിലും ഇടിച്ചാണ് വാഹനം പിന്നീട് നിന്നത്. കാറിന്റെ ബോണറ്റിൽ തൂങ്ങിക്കിടന്ന എസ്ഐ വിപിന് കാര്യമായ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. വാഹനമോടിച്ചയാൾക്ക് ലൈസൻസ് ഉണ്ടായിരുന്നില്ലെന്ന് പരിശോധനയിൽ കണ്ടെത്തുകയുണ്ടായി.