കാനഡയില്‍ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ച് മരിച്ച ശ്രീഹരിയുടെ മൃതദേഹം 26ന് നാട്ടിലെത്തിക്കും; ടൊറന്റോയിലുള്ള ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ സംസ്ഥാന സര്‍ക്കാറിനെ വിവരം അറിയിച്ചു

കാനഡയില്‍ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ച് മരിച്ച ശ്രീഹരിയുടെ മൃതദേഹം 26ന് നാട്ടിലെത്തിക്കും

Update: 2025-07-23 14:17 GMT

ന്യൂഡല്‍ഹി: കാനഡയില്‍ പരിശീലനത്തിനിടെ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ച് മരിച്ച ശ്രീഹരി സുകേഷിന്റെ (23) മൃതദേഹം ജൂലൈ 26ന് നാട്ടിലെത്തിക്കും. ടൊറന്റോയിലുള്ള ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ഗിരീഷ് ജുനേജയാണ് ഇക്കാര്യം അറിയിച്ചു. കേരാളാ സര്‍ക്കാറിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ വി തോമസിനെയാണ് ഈ വിവരം അറിയിച്ചത്.

ആവശ്യമായ രേഖകള്‍ എല്ലാം സമര്‍പ്പിച്ച് എന്‍ഒസിക്കുള്ള നടപടികളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. ജൂലൈ 24ന് ടൊറോന്റോയില്‍ നിന്നും പുറപ്പെടുന്ന എ ഐ 188 വിമാനത്തില്‍ മൃതദേഹം 25ന് ഉച്ച 2.40ന് ഡല്‍ഹിയില്‍ എത്തിക്കും. 26ന് 8.10 നുള്ള എഐ 833 നമ്പര്‍ വിമാനത്തില്‍ മൃതദേഹം ഡല്‍ഹിയില്‍ നിന്നും കൊച്ചിയില്‍ എത്തിക്കും.

ജൂലൈ 8ന് കാനഡയിലെ മാനിടോബയില്‍ സ്റ്റെന്‍ബാക് സൗത്ത് എയര്‍പോര്‍ട്ടിനടുത്ത് പ്രാദേശികസമയം ചൊവ്വ രാവിലെ 8.45 ഓടെയായിരുന്നു അപകടം. പരിശീലന പറക്കലിനിടെ സഹപാഠി സാവന്ന മേയ് റോയ്‌സിന്റെയും ശ്രീഹരിയുടെയും വിമാനങ്ങള്‍ ആകാശത്ത് കൂട്ടിയിടിക്കുകയായിരുന്നു. തീപിടിച്ച വിമാനങ്ങള്‍ എയര്‍ സ്ട്രിപ്പിനുപുറത്ത് വയലില്‍ തകര്‍ന്നുവീണു. ഹാര്‍വ്‌സ് എയര്‍ പൈലറ്റ് ട്രെയ്‌നിങ് സ്‌കൂള്‍ വിദ്യാര്‍ഥികളായ ഇരുവരും വിമാനങ്ങള്‍ ടേക്ക് ഓഫ് ചെയ്യാനും ലാന്‍ഡ് ചെയ്യാനും പരിശീലിക്കുന്നതിനിടെയായിരുന്നു അപകടം.

സ്വകാര്യ പൈലറ്റ് ലൈസന്‍സ് നേടിയ ശ്രീഹരി കൊമേഴ്‌സ്യല്‍ ലൈസന്‍സിനുള്ള പരിശീലനത്തിലായിരുന്നു. സെന്‍ട്രല്‍ ബാങ്ക് ഉദ്യോഗസ്ഥന്‍ സുകേഷിന്റെയും യുഎസ്ടി ഗ്ലോബല്‍ ഉദ്യോഗസ്ഥ ദീപയുടെയും മകനാണ്. സഹോദരി: സംയുക്ത.

Tags:    

Similar News