വാക്കുതര്‍ക്കത്തിന്റെ പേരില്‍ വയോധികനെ കുത്തിക്കൊല്ലാന്‍ ശ്രമം: ഒളിവിലായിരുന്ന രണ്ടാമത്തെ പ്രതി അറസ്റ്റില്‍

വാക്കുതര്‍ക്കത്തിന്റെ പേരില്‍ വയോധികനെ കുത്തിക്കൊല്ലാന്‍ ശ്രമം: ഒളിവിലായിരുന്ന രണ്ടാമത്തെ പ്രതി അറസ്റ്റില്‍

Update: 2025-08-17 16:11 GMT

പത്തനംതിട്ട: വാക്കുതര്‍ക്കത്തെ തുടര്‍ന്നുള്ള വിരോധത്താല്‍ വയോധികനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ ഒളിവിലായിരുന്ന രണ്ടാം പ്രതിയെ ആറന്മുള പോലീസ് അറസ്റ്റ് ചെയ്തു. ഊന്നുകല്‍ കുഴിമുറിയില്‍ കൊച്ചുബാബു എന്ന ബാബു തോമസ് (45) ആണ് ഇന്ന് അറസ്റ്റിലായത്. കഴിഞ്ഞ മാസം 22 ന് രാത്രി ഒമ്പതിന് നെല്ലിക്കാല ജങ്ഷനില്‍ ഉണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്നുള്ള വിരോധത്താല്‍ വെള്ളപ്പാറ മനുഭവനം വീട്ടില്‍ രാജന്‍ ഗോപാല(64)നെയാണ് ബാബു തോമസ് ഉള്‍പ്പെടെ മൂന്നംഗ സംഘം ആക്രമിച്ചത്. വെള്ളപ്പാറ നെടുമുരുപ്പ് തുണ്ടത്തും പടിയില്‍ വെച്ചായിരുന്നു സംഭവം.

രാജന്റെ മകന്‍ മിഥുനെ പ്രതികള്‍ വളഞ്ഞിട്ട് മര്‍ദ്ദിക്കുന്നത് കണ്ടപ്പോള്‍ തടസ്സം പിടിക്കവേ രണ്ടും മൂന്നും പ്രതികള്‍ ചേര്‍ന്നു ദേഹോപദ്രവം ഏല്‍പ്പിക്കുകയും ഒന്നാംപ്രതി ഇലന്തൂര്‍ നെല്ലിക്കാല വെള്ളപ്പാറ നെടുമുരുപ്പ് ചാരുനില്‍ക്കുന്നതില്‍ വിട്ടില്‍ വി.ജി.അജയകുമാര്‍ (42) മടിക്കുത്തില്‍ വച്ചിരുന്ന കത്തി കൊണ്ട് കൊല്ലുമെന്നു പറഞ്ഞ് ഇടത്ത് വാരിയെല്ലില്‍ കുത്തി മാരകമായി പരുക്കേല്‍പ്പിക്കുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റ രാജന്‍ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. രാജന്റെ മൊഴിപ്രകാരം എസ്ഐ വി. വിഷ്ണു കേസെടുത്തു. സംഭവസ്ഥലത്ത് ശാസ്ത്രീയ അന്വേഷണ സംഘവും പോലീസ് ഫോട്ടോഗ്രാഫറും ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചിരുന്നു. ആറന്മുള പോലീസ് ഇന്‍സ്പെക്ടര്‍ വിഎസ് പ്രവീണിന്റെ നേതൃത്വത്തില്‍ നടത്തിയ വ്യാപകമായ തെരച്ചിലില്‍ രഹസ്യവിവരത്തെ തുടര്‍ന്ന്, പത്തനാപുരം പാടത്ത് ഒളിവില്‍ കഴിഞ്ഞുവന്ന അജയകുമാറിനെ തന്ത്രപരമായ നീക്കത്തില്‍ 24 ന് കണ്ടെത്തി പിടികൂടി.

ഇയാളുടെ കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തില്‍ സംഭവസ്ഥലത്തുനിന്നും കത്തി പോലീസ് കണ്ടെടുക്കുകയും ചെയ്തു. ബാബുവിനെ ഇന്ന് സ്റ്റേഷനില്‍ വച്ച് ചോദ്യം ചെയ്ത് കുറ്റസമ്മതമൊഴി രേഖപ്പെടുത്തുകയും, തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി. പോലീസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തില്‍ എസ് ഐമാരായ വി വിഷ്ണു, ഹരികൃഷ്ണന്‍, എസ്.സി.പി.ഓമാരായ പ്രദീപ്, ശിവപ്രസാദ്, താജുദ്ദീന്‍ സിപിഓമാരായ ഉണ്ണികൃഷ്ണന്‍, അനൂപ്, അഖില്‍, ജേക്കബ്, വിഷ്ണു വിജയന്‍ എന്നിവരാണ് ഉണ്ടായിരുന്നത്.

Tags:    

Similar News