ആരോഗ്യ വകുപ്പില്‍ 202 ഡോക്ടര്‍മാരുടെ തസ്തികകള്‍; മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്കു വേണ്ടിയുള്ള സംസ്ഥാന കമ്മീഷന്‍ പുനഃസംഘടിപ്പിച്ചു; കായിക താരങ്ങള്‍ക്ക് ഇന്‍ക്രിമെന്റ്; മന്ത്രിസഭായോഗ തീരുമാനങ്ങള്‍
മന്ത്രിസഭായോഗ തീരുമാനങ്ങള്‍
തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ആശുപത്രികളിലെ ജീവനക്കാരുടെ ക്ഷാമം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുന്നു. ആരോഗ്യ വകുപ്പില്‍ ഡോക്ടര്‍മാരുടെ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. ആരോഗ്യവകുപ്പിലെ വിവിധ ആശുപത്രികളില്‍ 202 ഡോക്ടര്‍മാരുടെ തസ്തികകള്‍ സൃഷ്ടിക്കും. കാസര്‍ഗോഡ്, വയനാട് മെഡിക്കല്‍ കോളേജുകളിലും പുതിയ തസ്തികകള്‍ സൃഷ്ടിക്കും.
മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്കു വേണ്ടിയുള്ള കേരള സംസ്ഥാന കമ്മീഷന്‍ പുനഃസംഘടിപ്പിച്ചു. ചെയര്‍മാനായി ഹൈക്കോടതി റിട്ട. ജഡ്ജ് സി എന്‍. രാമചന്ദ്രന്‍ നായര്‍, അംഗങ്ങളായി തൃശൂര്‍ സ്വദേശി സെബാസ്റ്റ്യന്‍ ചൂണ്ടല്‍, കൊട്ടാരക്കര സ്വദേശി ജി രതികുമാര്‍ എന്നിവര്‍ കമ്മീഷന്‍ അംഗങ്ങളായും നിയമിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം ഉണ്ടായത്.
ഗുജറാത്തില്‍ നടന്ന 36-ാമത് ദേശീയ ഗെയിംസില്‍ പങ്കെടുത്ത കായിക താരങ്ങള്‍ക്ക് ഇന്‍ക്രിമെന്റ് അനുവദിക്കാനും തീരുമാനമായി. ഫെന്‍സിംഗ് ഇനത്തില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ അവതി രാധികാ പ്രകാശിന് മൂന്നും, സ്വിമ്മിംഗ് ഇനത്തില്‍ വെളളി മെഡല്‍ നേടിയ ഷിബിന്‍ ലാല്‍.എസ്.എസ്-ന് രണ്ടും അഡ്വാന്‍സ് ഇന്‍ക്രിമെന്റ് അനുവദിക്കും.
കേരള പോലീസ് അക്കാദമി, റാപ്പിഡ് റെസ്പോണ്‍സ് ആന്‍ഡ് റെസ്‌ക്യൂ ഫോഴ്സ് എന്നിവിടങ്ങളില്‍ രണ്ട് ആര്‍മറര്‍ പോലീസ് കോണ്‍സ്റ്റബിള്‍ തസ്തികകള്‍ വീതം ആകെ 4 തസ്തികകള്‍ സൃഷ്ടിച്ചു.
ഹൈക്കോടതിയിലെ സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍മാരുടെ രണ്ട് ഒഴിവുകളിലേക്ക് നിലവില്‍ ഗവണ്‍മെന്റ് പ്ലീഡര്‍മാരായ കൊച്ചി വടുതല സ്വദേശി വി എസ് ശ്രീജിത്ത്, എറണാകുളം നോര്‍ത്ത് സ്വദേശി ഒ വി ബിന്ദു എന്നിവരെ നിയമിക്കും. ശേഷിക്കുന്ന രണ്ട് സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍മാരുടെ ഒഴിവികളിലേക്ക് കൊച്ചി സൗത്ത് ചിറ്റൂര്‍ സ്വദേശി എം എസ് ബ്രീസ്, കൊച്ചി തണ്ടത്തില്‍ ഹൗസിലെ ജിമ്മി ജോര്‍ജ് എന്നിവരെയും നിയമിച്ചു.
ഗവണ്‍മെന്റ് പ്ലീഡര്‍മാരായി കൊച്ചി കടവന്ത്ര സ്വദേശി രാജി ടി. ഭാസ്‌കര്‍, മട്ടാഞ്ചേരി സ്വദേശി ജനാര്‍ദ്ദന ഷേണായ്, കൊച്ചി പവര്‍ ഹൗസ് എക്സ്റ്റന്‍ഷന്‍ റോഡില്‍ താമസിക്കുന്ന എ. സി. വിദ്യ, കാക്കനാട് സ്വദേശി അലന്‍ പ്രിയദര്‍ശി ദേവ്, ഞാറക്കല്‍ സ്വദേശി ശില്പ എന്‍. പി, കൊല്ലം, പുനലൂര്‍ സ്വദേശി നിമ്മി ജോണ്‍സന്‍ എന്നിവരെ നിയമിച്ചു.
ഡിജിറ്റല്‍ റീ സര്‍വ്വേ പ്രവര്‍ത്തന ചെലവ് ആര്‍ കെ ഐ വഹിക്കും
സംസ്ഥാനത്ത് നടക്കുന്ന ഡിജിറ്റല്‍ റീ സര്‍വ്വേ പദ്ധതിയുടെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങളുടെ 2026 മാര്‍ച്ച് 31 വരെയുള്ള ചെലവുകള്‍ക്കായി 50 കോടി രൂപ റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് ഫണ്ടില്‍ നിന്നും അനുവദിക്കും.
ശമ്പള പരിഷ്‌ക്കരണം
കേരള ലാന്‍ഡ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡിലെ ജീവനക്കാര്‍ക്ക് പത്താം ശമ്പള പരിഷ്‌കരണ ആനുകൂല്യങ്ങള്‍ 2016 ഏപ്രില്‍ ഒന്ന് പ്രാബല്യത്തില്‍ അനുവദിക്കും.
കെല്‍ട്രോണിലെ എക്സിക്യൂട്ടിവ്, സൂപ്പര്‍വൈസറി ക്യാറ്റഗറി ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണം 2017 ഏപ്രില്‍ ഒന്ന് പ്രാബല്യത്തില്‍ നടപ്പാക്കും.
പുനര്‍നിയമനം
സുപ്രീം കോടതി സ്റ്റാന്റിംഗ് കൗണ്‍സിലര്‍മാരായി സി കെ ശശി, നിഷെ രാജന്‍ ഷോങ്കര്‍ എന്നിവരെ 2025 ജൂലൈ 23 മുതല്‍ മൂന്ന് വര്‍ഷ കാലയളവിലേക്ക് പുനര്‍നിയമിച്ചു.
സേവന കാലാവധി ദീര്‍ഘിപ്പിച്ചു
കേരള റബ്ബര്‍ ലിമിറ്റഡിന്റെ ചെയര്‍പേഴ്സണ്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടറായ ഷീല തോമസ് ഐ.എ.എസ് (റിട്ട.)ന്റെ സേവന കാലാവധി, 09-09-2025 മുതല്‍ ഒരു വര്‍ഷത്തേയ്ക്ക് കൂടി ദീര്‍ഘിപ്പിച്ചു.
ഓയില്‍ പാം ഇന്ത്യാ ലിമിറ്റഡിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായും മാനേജിംഗ് ഡയറക്ടറായുമുള്ള ജോണ്‍ സെബാസ്റ്റ്യന്റെ സേവന കാലാവധി ദീര്‍ഘിപ്പിച്ചു.
ഭേദഗതി
അഴീക്കല്‍ തുമറമുഖ വികസനത്തിനായി മലബാര്‍ ഇന്റര്‍നാഷണല്‍ പോര്‍ട്ട് & സെസ് ലിമിറ്റഡ് സമര്‍പ്പിച്ച, ഡി.പി.ആറിനും Centre for Management Development (CMD) തയ്യാറാക്കി സമര്‍പ്പിച്ച സാമ്പത്തിക ഘടന റിപ്പോര്‍ട്ടിനും അംഗീകാരം നല്‍കിയ 22-08-2024 ഉത്തരവിലെ നിബന്ധനകള്‍ ധന വകുപ്പിന്റെ അനുമതിക്ക് വിധേയമായി ഭേദഗതി ചെയ്യും.
സര്‍ക്കാര്‍ ഗ്യാരന്റി
സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന് 300 കോടി രൂപയ്ക്കുള്ള അധിക സര്‍ക്കാര്‍ ഗ്യാരന്റി 15 വര്‍ഷത്തേയ്ക്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി അനുവദിയ്ക്കും.
പാട്ടത്തിന് നല്‍കും
ഇടുക്കി ആര്‍ച്ച് ഡാമിനോട് ചേര്‍ന്ന് രണ്ട് ഏക്കര്‍ ഭൂമി തീയേറ്റര്‍ സമുച്ചയം നിര്‍മ്മിക്കുന്നതിന് കെഎസ്എഫ്ഡിസിക്ക് പാട്ടത്തിന് നല്‍കും. പ്രതിവര്‍ഷം ആര്‍ ഒന്നിന് 100 രൂപ നിരക്കിലാണ് 10 വര്‍ഷത്തിന് പാട്ടത്തിന് നല്‍കുക.
