ജോലിക്ക് എത്താത്ത ജീവനക്കാര്‍ക്ക് ബുധനാഴ്ചത്തെ ശമ്പളം കിട്ടില്ല; രോഗം, പരീക്ഷകള്‍, പ്രസവം പോലുള്ള അത്യാവശ്യങ്ങള്‍ക്കല്ലാതെ അവധി അനുവദിക്കില്ല; ഡയസ്‌നോണ്‍ പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; കെ എസ് ആര്‍ ടി സിയിലും ഡ്യൂട്ടിക്ക് എത്താത്തവരുടെ ശമ്പളം റദ്ദാക്കും

ഡയസ്‌നോണ്‍ പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

Update: 2025-07-08 18:27 GMT

തിരുവനന്തപുരം: ബുധനാഴ്ചത്തെ ദേശീയ പണിമുടക്കിന് സംസ്ഥാന സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു. ജോലിക്കെത്താത്ത ജീവനക്കാര്‍ക്ക് ശമ്പളമുണ്ടാവില്ല. സമരം നടക്കുന്ന ദിവസത്തെ ശമ്പളം ഓഗസ്റ്റ് മാസത്തെ ശമ്പളത്തില്‍ നിന്നാണ് തടഞ്ഞുവെയ്ക്കുക. രോഗം, പരീക്ഷകള്‍, പ്രസവം പോലുള്ള അത്യാവശ്യങ്ങള്‍ക്കല്ലാതെ അവധി അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

വ്യക്തിയുടെയോ അടുത്ത ബന്ധുക്കളുടെയോ അസുഖം (ജീവനക്കാരന്റെ ഭാര്യ, ഭര്‍ത്താവ്, കുട്ടികള്‍, അച്ഛന്‍, അമ്മ എന്നിവരെയാണ് അടുത്ത ബന്ധു എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്), ജീവനക്കാര്‍ക്കുള്ള പരീക്ഷകള്‍, പ്രസവം പോലുള്ള ഒഴിവാക്കാനാവാത്ത കാരണങ്ങള്‍ ഉള്ളവര്‍ക്ക് മാത്രമേ അവധിയുള്ളൂ. അല്ലാത്തവര്‍ക്ക് പണിമുടക്ക് ദിവസം ഒരുതരത്തിലുള്ള അവധിയും അനുവദിക്കുന്നതല്ലെന്നാണ് ഉത്തരവില്‍ പറയുന്നത്.

അക്രമങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കും പൊതുമുതല്‍ നശിപ്പിക്കുന്നവര്‍ക്കുമെതിരേ കേസെടുക്കും. സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് അനുമതിയില്ലാതെ വിട്ടുനില്‍ക്കുന്ന താത്കാലിക ജീവനക്കാരെ സര്‍വീസില്‍ നിന്ന് നീക്കംചെയ്യുമെന്നും ഉത്തരവില്‍ പറയുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ജോലിയില്‍ പ്രവേശിക്കാന്‍ ആവശ്യമായ വാഹനങ്ങള്‍ സര്‍വീസ് നടത്തുന്നുണ്ടെന്ന് കെഎസ്ആര്‍ടിസി മാനേജിങ് ഡയറക്ടറും അതതു ജില്ലാ കളക്ടര്‍മാരും ഉറപ്പിക്കണം. സര്‍ക്കാര്‍ ഓഫീസുകളിലേക്കും സ്ഥാപനങ്ങളിലേക്കും തടസ്സമില്ലാതെ പ്രവേശനം ഉറപ്പാക്കാന്‍ കളക്ടര്‍മാര്‍, വകുപ്പ് മേധാവികള്‍, ജില്ലാ പോലീസ് മേധാവി എന്നിവര്‍ നടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ദേശമുണ്ട്.

അതേസമയം, നാളെത്തെ ദേശീയ പണിമുടക്ക് നേരിടാന്‍ കെഎസ്ആര്‍ടിസി ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു. ഡ്യൂട്ടിയ്ക്ക് എത്താത്തവരുടെ ശമ്പളം റദ്ദാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ക്രമസമാധാന പ്രശ്‌നം ഉണ്ടായാല്‍ പോലീസിനെ അറിയിക്കാനും കെഎസ്ആര്‍ടിസി സി എം ഡിയുടെ ഉത്തരവില്‍ വ്യക്തമാക്കുന്നു.

നാളെ നടക്കുന്ന പണിമുടക്ക് കെഎസ്ആര്‍ടിസിയെ ബാധിക്കില്ലെന്നും ഇതുമായി ബന്ധപ്പെട്ട് ഒരു ട്രേഡ് യൂണിയനും നോട്ടീസ് നല്‍കിയിട്ടില്ലെന്നും നേരത്തെ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ നേരെത്തെ പറഞ്ഞിരുന്നു.

പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകളും വിവിധ മേഖലാ അസോസിയേഷനുകളും ഫെഡറേഷനുകളും ഉള്‍പ്പെട്ട സംയുക്ത വേദിയാണ് നാളെ ദേശീയ പൊതു പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. 25 കോടിയിലധികം പേര്‍ പണിമുടക്കില്‍ പങ്കെടുക്കുമെന്നാണ് തൊഴിലാളി സംഘനകള്‍ പറയുന്നത്.

കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ തൊഴില്‍ ചട്ടങ്ങള്‍ പിന്‍വലിക്കുക, തൊഴിലാളികളുടെ വേതനം വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.

Tags:    

Similar News