മലയാള ഭാഷയുടെ പ്രോത്സാഹനത്തിന് എല്ലാ മാതാപിതാക്കളും മക്കളെ പ്രചോദിപ്പിക്കണം: അമ്മ; മാതാ അമൃതാനന്ദമയി ദേവിക്ക് സംസ്ഥാന സര്‍ക്കാറിന്റെ ആദരം; ഭാഷയുടെയും സംസ്‌കാരത്തിന്റെയും ശക്തി ലോകത്തിനു മുന്നില്‍ തെളിയിക്കാന്‍ അമ്മയ്ക്ക് കഴിഞ്ഞു: സജി ചെറിയാന്‍
മാതാ അമൃതാനന്ദമയി ദേവിക്ക് സംസ്ഥാന സര്‍ക്കാറിന്റെ ആദരം
അമൃതപുരി (കൊല്ലം): ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയില്‍ ലോകത്തെ അഭിസംബോധന ചെയ്തു അമ്മ, ശ്രീ മാതാ അമൃതാനന്ദമയി ദേവി മലയാളത്തില്‍ പ്രസംഗിച്ചതിന്റെ രജത ജൂബിലി ആഘോഷ വേളയില്‍ അമ്മയ്ക്ക് ആദരവുമായി സംസ്ഥാന സര്‍ക്കാര്‍. അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാപസില്‍ നടന്ന ചടങ്ങില്‍ സാംസ്‌ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് അമ്മയെ ആദരിച്ചത്.
കൈരളിയുടെ ശബ്ദം ലോകത്തിന് മുന്നില്‍ മുഴങ്ങിക്കേട്ട നിമിഷം ഒരിക്കല്‍ കൂടി അമൃതവര്‍ഷം 72 വേദിയില്‍ പുനരവതരിക്കപ്പെട്ടപ്പോള്‍ അമ്മയുടെ ജന്മദിന ആഘോഷത്തില്‍ പങ്കെടുക്കാനായി അമൃതപുരിയില്‍ എത്തിയ ആയിരങ്ങള്‍ ഹര്‍ഷാരവം മുഴക്കി.ലോകമാകെ സേവനത്തിന്റെയും സ്‌നേഹത്തിന്റെയും പ്രകാശം പരത്തുന്ന അമ്മ, കേരളത്തിലെ സംസ്‌കാരിക മൂല്യങ്ങളാണ് മാതൃഭാഷയായ മലയാളത്തിലൂടെ ലോകത്തിനുമുന്നില്‍ പരിചയപ്പെടുത്തിയതെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.
മലയാള ഭാഷയുടെയും സംസ്‌കാരത്തിന്റെയും ശക്തി ലോകത്തിനു മുന്നില്‍ തെളിയിക്കാന്‍ അമ്മയ്ക്ക് കഴിഞ്ഞു. നമ്മുടെ ഭാഷയെ വിസ്മരിക്കുന്നവര്‍ക്കുള്ള സന്ദേശമാണ് അമ്മ നല്‍കിയത് എന്നും മന്ത്രി പറഞ്ഞു. മലയാളഭാഷയുടെ മഹിമ ലോകത്തിനു മുന്നില്‍ അവതരിപ്പിച്ച അമ്മയെ സംസ്ഥാന സര്‍ക്കാര്‍ ആദരിക്കുകയാണ്. ഇത് കേവലം ഒരു ആദരമല്ല ഇതൊരു സാംസ്‌കാരികമായ ഉണര്‍വാണ് എന്നും സംസ്ഥാന മുഖ്യമന്ത്രി തന്റെ ആശംസയും ആദരവും ഇവിടെ അറിയിക്കുന്നു എന്നും സജി ചെറിയാന്‍ വ്യക്തമാക്കി.
ലോകത്തിന്റെ പരിഛേദമായി അമൃതപുരി മാറിയെന്ന് ചടങ്ങില്‍ ആശംസ നേര്‍ന്നു കൊണ്ട് സംസാരിച്ച കരുനാഗപള്ളി എം.എല്‍ എ സി.ആര്‍ മഹേഷ് പറഞ്ഞു. മധുരമലയാളത്തെ ലോകത്തിന് മുന്നില്‍ ഉയര്‍ത്തിപ്പിടിച്ച അമ്മയുടെ വാക്കുകള്‍ ഉള്‍ക്കൊണ്ട് സ്‌നേഹവും സാഹോദര്യവും നിലനിര്‍ത്തി ജീവിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് തൃക്കാക്കര എം.എല്‍.എ. ഉമ തോമസ് വ്യക്തമാക്കി. മലയാള ഭാഷയ്ക്ക് രൂപവും ഭാവവും നല്‍കിയവരെ ആദരിക്കുന്നതായും ഈ പുരസ്‌കാരം മലയാളഭാഷയ്ക്ക് തന്നെ സമര്‍പ്പിക്കുന്നു എന്നും മലയാള ഭാഷയുടെ പ്രോത്സാഹനത്തിന് എല്ലാ മാതാപിതാക്കളും മക്കളെ പ്രചോദിപ്പിക്കണം തന്റെ സന്ദേശത്തില്‍ അമ്മ പറഞ്ഞു.
ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ. എസ്. രാധാകൃഷ്ണന്‍, ഐ. ജി. ലക്ഷ്മണ്‍ ഗുഗുലോത്ത് ഐ.പി.എസ്, കേരള ലോ അക്കാദമി ഡയറക്ടര്‍ അഡ്വക്കേറ്റ് നാഗരാജ നാരായണന്‍, നടന്‍ ദേവന്‍, മറുനാടന്‍ മലയാളി ചീഫ് എഡിറ്റര്‍ ഷാജന്‍ സ്‌കറിയ എന്നിവര്‍ അമ്മയെ ഹാരാര്‍പ്പണം ചെയ്തു ആദരിച്ചു. മാതാ അമൃതാനന്ദമയി മഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരി സ്വാഗതവും സ്വാമിനി സുവിദ്യാമൃത പ്രാണ നന്ദിയും രേഖപ്പെടുത്തി.