ചെമ്പല്ലിക്കുണ്ടിൽ കുഞ്ഞുമായി അമ്മ പുഴയിൽ ചാടിയ സംഭവം; രണ്ടര വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി
കണ്ണൂർ: കണ്ണൂർ ചെമ്പല്ലിക്കുണ്ടിൽ പുഴയിൽ ചാടി മരിച്ച റീമയുടെ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. രണ്ടര വയസ്സുകാരനായ കൃശിവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഫയർഫോഴ്സും സന്നദ്ധപ്രവർത്തകരും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. റീമയുടെ മൃതദേഹം കഴിഞ്ഞ ഞായറാഴ്ച കണ്ടെത്തിയിരുന്നു. ഭർത്താവിന്റെ പീഡനം മൂലമാണ് റീമ ആത്മഹത്യ ചെയ്തതെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു
കഴിഞ്ഞ ശനിയാഴ്ച്ച അർധരാത്രിയോടെയാണ് വേങ്ങര സ്വദേശി റീമ കുഞ്ഞുമായി പുഴയിൽ ചാടിയത്. സ്കൂട്ടറിൽ കുഞ്ഞുമായി വന്ന് പുഴയിലേക്ക് ചാടുകയായിരുന്നു. മത്സ്യബന്ധനത്തിന് എത്തിയ തൊഴിലാളികളാണ് സംഭവം കണ്ടത്. തുടർന്ന് പോലീസിൽ വിവരമറിയിച്ചു. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് നടത്തിയ തെരച്ചിലിനൊടുവിൽ റിമയുടെ മൃതദേഹം കണ്ടെത്തി. ഞായറാഴ്ച രാവിലെയോടെയാണ് റീമയുടെ മൃതദേഹം കണ്ടെടുത്തത്. എന്നിട്ടും കുഞ്ഞിന്റെ മൃതദേഹം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
നേരത്തെ റിമയുടെ ആത്മഹത്യ ഭർത്താവിന്റെ പീഡനം മൂലമാണെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. റിമയുടെ ഭർത്താവ് കമൽ രാജനെതിരെ കഴിഞ്ഞ വർഷം ഗാർഹിക പീഡനത്തിന് കേസ് നൽകിയിരുന്ന് റീമയുടെ സഹോദരൻ ഷിനോജ് പറഞ്ഞിരുന്നു. കഴിഞ്ഞാഴ്ച വിദേശത്ത് നിന്നെത്തിയ ഭർത്താവ് റിമയെ മാനസികമായി പീഡിപ്പിച്ചു. രണ്ട് വർഷത്തോളമായി റിമയും ഭർത്താവും വേർപിരിഞ്ഞാണ് കഴിയുന്നതെന്നും കുഞ്ഞിനെ വേണമെന്ന് വാശിപിടിച്ചതാവാം ആത്മഹത്യക്ക് കാരണമെന്നും ഷിനോജ് ആരോപിച്ചിരുന്നു.