തന്ത്രി കണ്ഠരര് രാജീവരെ മന:പൂര്‍വം കേസില്‍ കുടുക്കിയത്; അറസ്റ്റിന് പിന്നില്‍ ഗൂഢാലോചന; എല്ലാ പിന്തുണയും നല്‍കുമെനവ്‌ന് തന്ത്രി സമാജം
തന്ത്രി കണ്ഠരര് രാജീവരെ മന:പൂര്‍വം കേസില്‍ കുടുക്കിയത്
തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് തന്ത്രി കണ്ഠര് രാജീവരെ അറസ്റ്റ് ചെയ്തതിനെതിരെ ശക്തമായ പ്രതിഷേധവുമായി തന്ത്രി സമാജം രംഗത്ത്. തന്ത്രിയെ മനഃപൂര്‍വം കേസില്‍ കുടുക്കിയതാണെന്നും അറസ്റ്റിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും തന്ത്രി സമാജം ജോയിന്റ് സെക്രട്ടറി സൂര്യന്‍ പരമേശ്വരന്‍ ഭട്ടതിരിപ്പാട് ശനിയാഴ്ച പ്രസ്താവിച്ചു. നിലവില്‍ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത തന്ത്രി രാജീവര്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് സമാജം ഉറപ്പുനല്‍കി.
തന്ത്രിയുടെ അറസ്റ്റ് തികച്ചും നിര്‍ഭാഗ്യകരവും ഒഴിവാക്കാമായിരുന്നതുമാണെന്ന് സൂര്യന്‍ പരമേശ്വരന്‍ ഭട്ടതിരിപ്പാട് പറഞ്ഞു. തന്ത്രിക്ക് ക്ലീന്‍ ചിറ്റ് നല്‍കിക്കൊണ്ടുള്ള വാര്‍ത്തകള്‍ പുറത്തുവന്നതിന്റെ തൊട്ടടുത്ത ദിവസം തന്നെ കസ്റ്റഡിയും അറസ്റ്റും നടന്നത് ചില പ്രത്യേക താല്‍പ്പര്യങ്ങളുടെ ഭാഗമാണെന്ന് സംശയിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു സാധാരണ പൗരന്‍ എന്ന നിലയില്‍ ഇതിന് പിന്നില്‍ വ്യക്തമായ ചില താല്‍പ്പര്യങ്ങളുണ്ടെന്ന് തനിക്ക് ബോധ്യപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ കേസില്‍ തന്ത്രിയെ മനഃപൂര്‍വം പെടുത്തിയതാണെന്നും അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും യാതൊരുവിധ വീഴ്ചകളും ഉണ്ടായിട്ടില്ലെന്നുമാണ് തന്ത്രി സമാജം കരുതുന്നത്. സ്വര്‍ണ്ണപ്പാളികള്‍ ഇളക്കിയെടുക്കാന്‍ അനുജ്ഞ നല്‍കിയതിന്റെ പേരിലാണ് അറസ്റ്റ് രേഖപ്പെടുത്തിയതെങ്കില്‍ കേരളത്തിലെ ഒട്ടുമിക്ക തന്ത്രിമാരെയും സമാനമായ രീതിയില്‍ അറസ്റ്റ് ചെയ്യേണ്ടി വരുമെന്നും സൂര്യന്‍ പരമേശ്വരന്‍ ഭട്ടതിരിപ്പാട് വാദിച്ചു. ഏതെങ്കിലും തരത്തിലുള്ള തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ഏത് തന്ത്രിയായാലും ശിക്ഷിക്കപ്പെടണമെന്ന നിലപാടാണ് തങ്ങള്‍ക്കുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമല താന്ത്രികാവകാശമുള്ള താഴമണ്‍ കുടുംബാംഗമായ കണ്ഠര് രാജീവരെ വെള്ളിയാഴ്ച പുലര്‍ച്ചെ തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തി അഞ്ചുമണിക്കൂറോളം ചോദ്യംചെയ്തശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സ്വര്‍ണ്ണപ്പാളികള്‍ ഇളക്കിയെടുക്കുന്നത് ആചാരലംഘനമാണെന്ന് അറിയാമായിരുന്നിട്ടും തന്ത്രി അതിന് ഒത്താശചെയ്തെന്നാണ് പ്രത്യേക അന്വേഷണസംഘം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കേസിന്റെ തുടരന്വേഷണവും നിയമനടപടികളും ശക്തമായ എതിര്‍പ്പുകള്‍ക്കിടയില്‍ പുരോഗമിക്കുകയാണ്.
