വൈകിട്ട് വീട്ടിലെത്തിയ കുട്ടി കരച്ചിൽ നിർത്തുന്നില്ല; അമ്മ കാര്യം തിരക്കിയപ്പോൾ അറിഞ്ഞത് ടീച്ചറിന്റെ കൊടും ക്രൂരത; സസ്പെൻഡ് ചെയ്ത് അധികൃതർ
തിരുവനന്തപുരം: മൊട്ടമൂട് പറമ്പിക്കോണം അംഗനവാടിയിലെ അധ്യാപിക ഒരു കുട്ടിയെ മുഖത്തടിച്ചതായി ഗുരുതര പരാതി. ഇന്നലെയാണ് സംഭവം നടന്നത്. രാത്രി കുട്ടിയുടെ അമിതമായ കരച്ചിൽ കണ്ടതിനെ തുടർന്ന് മാതാപിതാക്കൾ കാരണം തിരക്കിയപ്പോഴാണ് അധ്യാപിക തല്ലിയ വിവരം കുട്ടി വെളിപ്പെടുത്തിയത്.
സംഭവത്തെത്തുടർന്ന് കുട്ടിയെ തൈക്കാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രി അധികൃതർ ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ വിവരം അറിയിച്ചിട്ടുണ്ട്. ചൈൽഡ് വെൽഫെയർ കമ്മിറ്റി അധികൃതർ അധ്യാപികയോട് സംഭവത്തെക്കുറിച്ച് വിശദീകരണം തേടിയെങ്കിലും, താൻ കുട്ടിയെ അടിച്ചിട്ടില്ലെന്ന വാദത്തിൽ അവർ ഉറച്ചുനിൽക്കുകയാണ്.
എന്നാൽ, ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ അധികൃതർ അന്വേഷണ നടപടികൾ ആരംഭിച്ചു. അന്വേഷണ വിധേയമായി അധ്യാപികയെ നിലവിൽ സസ്പെൻഡ് ചെയ്തിരിക്കുകയാണ്. കുട്ടിയുടെ മൊഴിയെടുത്ത ശേഷം വിശദമായ അന്വേഷണം നടത്തും.