'മൾട്ടി ആക്സിൽ വണ്ടികളുടെ നിരോധനം തുടരും..'; താമരശ്ശേരി ചുരത്തിലെ മണ്ണിടിച്ചിൽ ഭീഷണി; വലിയ വാഹനങ്ങൾ നിയന്ത്രണങ്ങളോടെ കടത്തിവിടാൻ തീരുമാനം; യാത്രക്കാർക്ക് നിർദ്ദേശവുമായി അധികൃതർ
കോഴിക്കോട്: താമരശ്ശേരി ചുരം റോഡിൽ മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ നിയന്ത്രണങ്ങളിൽ മാറ്റം. കെ.എസ്.ആർ.ടി.സി. ഉൾപ്പെടെയുള്ള മറ്റ് വാഹനങ്ങൾക്ക് ഇനിമുതൽ ചില നിയന്ത്രണങ്ങളോടെ ചുരം വഴി കടന്നുപോകാം. എന്നാൽ, മൾട്ടി ആക്സിൽ വാഹനങ്ങൾക്കുള്ള വിലക്ക് തുടരും. ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ഓൺലൈനായി ചേർന്ന യോഗമാണ് ഈ തീരുമാനമെടുത്തത്.
പൊലീസിന്റെ കർശന നിയന്ത്രണങ്ങളോടെ ഇരുവശത്തുനിന്നും വരുന്ന വാഹനങ്ങൾ നിശ്ചിത ഇടവേളകളിൽ മാത്രമേ കടത്തിവിടുകയുള്ളൂ. സമീപ ദിവസങ്ങളിൽ ശക്തമായ മഴ മുന്നറിയിപ്പ് ഇല്ലെങ്കിലും, മഴയുടെ ലഭ്യതയനുസരിച്ച് വാഹനങ്ങൾക്ക് വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.
റോഡിന് മുകളിലായുള്ള പാറയുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ജി.പി.ആർ. സംവിധാനം ഉപയോഗപ്പെടുത്തും. ഇതിനായി കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻ.ഐ.ടി.) സിവിൽ എഞ്ചിനിയറിങ് വിഭാഗവുമായി ബന്ധപ്പെട്ട് നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. പാറയുടെ ഡ്രോൺ ചിത്രങ്ങൾ എടുത്ത് നിലവിലെ സ്ഥിതി വിലയിരുത്താനും യോഗത്തിൽ തീരുമാനമായി.
ചുരം വ്യൂപോയിന്റിൽ വിനോദസഞ്ചാരികൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് തുടരും. ഇവിടെ വാഹനങ്ങൾ നിർത്തി സമയം ചെലവഴിക്കുന്നത് നിരോധിക്കും. സാഹചര്യം പൂർവസ്ഥിതിയിലാകുന്നതുവരെ അഗ്നിരക്ഷാ സേനയുടെ ഒരു യൂണിറ്റ് ചുരത്തിൽ സജ്ജമായിരിക്കും. ആവശ്യമായ വെളിച്ച സംവിധാനങ്ങൾ തുടരാനും യോഗം തീരുമാനിച്ചു.