അവധിക്കാലം കഴിഞ്ഞതും താമരശ്ശേരി ചുരത്തിൽ വീണ്ടും ട്രാഫിക് ബ്ലോക്ക്; റോഡിൽ വാഹനങ്ങളുടെ നീണ്ട നിര; മണിക്കൂറുകൾ വലഞ്ഞ് യാത്രക്കാർ

Update: 2026-01-03 11:01 GMT

കോഴിക്കോട്: ക്രിസ്മസ്-പുതുവർഷ അവധിക്കാലം അവസാനിക്കാറായതും, അമ്പലവയലിൽ നടക്കുന്ന രാജ്യാന്തര പുഷ്‌പമേള (പൂപ്പൊലി) കാണാനെത്തുന്ന സന്ദർശകരുടെ തിരക്കും താമരശ്ശേരി ചുരത്തിൽ അതിരൂക്ഷമായ ഗതാഗതക്കുരുക്കിന് കാരണമായി. കഴിഞ്ഞ രണ്ട് ദിവസങ്ങളായി ചുരത്തിൽ മണിക്കൂറുകളോളം വാഹനങ്ങൾ കുടുങ്ങിക്കിടക്കുകയാണ്. ഇത് യാത്രക്കാർക്ക്, പ്രത്യേകിച്ചും അടിയന്തര ആവശ്യങ്ങൾക്കുള്ളവർക്ക് കടുത്ത ദുരിതമായി മാറിയിരിക്കുകയാണ്.

സാധാരണ 30 മിനിറ്റുകൊണ്ട് പിന്നിടാവുന്ന ചുരം റോഡ് കടന്നുപോകാൻ നിലവിൽ രണ്ട് മണിക്കൂറിലധികം സമയമെടുക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് പോയ ഒരു സംഘത്തിന് രാത്രി 12 മണിക്ക് ചുരത്തിന് മുകളിലെത്തിയിട്ടും പുലർച്ചെ ആറ് മണിയോടെ മാത്രമാണ് താഴെയെത്താൻ കഴിഞ്ഞത്. അടിവാരം മുതൽ ചുരത്തിന് മുകൾ വരെ കിലോമീറ്ററുകളോളം വാഹനങ്ങൾ നീണ്ട നിരയായി കിടക്കുന്നത് പതിവ് കാഴ്ചയായി മാറിയിട്ടുണ്ട്.

അവധി ആഘോഷിക്കാൻ ഊട്ടി, മൈസൂർ, ബെംഗളൂരു, വയനാട് എന്നിവിടങ്ങളിലേക്ക് പോയവർ മടക്കയാത്ര ആരംഭിച്ചതും, ഡിസംബർ 15 വരെ നീണ്ടുനിൽക്കുന്ന പൂപ്പൊലി കാണാനെത്തുന്ന സന്ദർശക പ്രവാഹവുമാണ് പ്രധാനമായും തിരക്ക് വർദ്ധിപ്പിച്ചത്. ചുരത്തിലെ ഇടുങ്ങിയതും ദുർഘടവുമായ പാത, പതിവായ വാഹനങ്ങളുടെ ബ്രേക്ക് ഡൗണുകൾ (ഏഴാം വളവിൽ കഴിഞ്ഞ ദിവസം രണ്ട് വാഹനങ്ങൾ കുടുങ്ങിയിരുന്നു), വലിയ ചരക്ക് ലോറികൾ സമയക്രമം പാലിക്കാതെ എത്തുന്നത്, വാഹനങ്ങൾ ലൈൻ തെറ്റിച്ച് കയറുന്നത് എന്നിവയെല്ലാം ഗതാഗതക്കുരുക്ക് രൂക്ഷമാക്കാൻ കാരണമാകുന്നുണ്ട്.

Tags:    

Similar News