കേന്ദ്ര സർക്കാർ അംഗീകൃത ധനകാര്യസ്ഥാപനമെന്ന് വിശ്വസിപ്പിച്ചു; ശേഷം അമിതമായി പലിശ വാഗ്ദാനം നൽകി നിക്ഷേപകരിൽ നിന്നും പണം തട്ടി ഒളിവിൽ പോയി; അറസ്റ്റിലായ പ്രതികൾക്ക് ശിക്ഷ വിധിച്ച് കോടതി
ആലപ്പുഴ: സാമ്പത്തിക തട്ടിപ്പ് നടത്തിയ പ്രതികൾക്ക് ശിക്ഷ വിധിച്ച് കോടതി. ആലുവ യുസി കോളേജ് ഡോക്ടേഴ്സ് ലെയ്ൻ ചിറയത്ത് വീട്ടിൽ ബിജു റാഫേൽ (42), ആലുവ അരീപാടം ചിറയത്ത് എലിസബത്ത് (45), കോഴിക്കോട് എം സി എച്ച്. കാംപസ് ഐ സി ക്വാർട്ടേഴ്സിൽ ഷാജി ബെന്നി ഡേവിഡ് എന്നിവരെയാണ് ശിക്ഷിച്ചത്. പ്രതികൾക്ക് എട്ടുവർഷം തടവും 75 ലക്ഷം രൂപ പിഴയുമാണ് ജില്ലാ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എസ് അജികുമാർ വിധിച്ചത്. ദേശം ചിറയത്ത് ബെനിഫിറ്റ് ഫണ്ട് നിധി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ, മറ്റ് രണ്ട് ഡയറക്ടർമാർ എന്നിവർക്കെതിരെയായിരുന്നു വിധി.
കേന്ദ്ര സർക്കാരിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ധനകാര്യസ്ഥാപനമാണെന്ന് വ്യാജ പരസ്യം നൽകി നിക്ഷേപകരെ സ്ഥാപനത്തിലേക്ക് ആകർഷിപ്പിക്കുകയായിരുന്നു. ശേഷം അമിതമായി പലിശ വാഗ്ദാനം നൽകി നിക്ഷേപകരിൽ നിന്നും പണം തട്ടുകയായിരുന്നു. ആലുവ സ്വദേശിനിയായ സ്ത്രീ, വീടും വസ്തുവും വിറ്റ് 15.5 ലക്ഷം രൂപ ഗഡുക്കളായി ധനകാര്യസ്ഥാപനത്തിൽ നിക്ഷേപിച്ചിരുന്നു.
ഈ തുക പലതവണ തിരികെ ആവശ്യപ്പെട്ടിരുന്നു. കൂടുതൽ നിക്ഷേപകർ പണം തിരികെ നൽകണമെന്ന ആവശ്യവുമായി മുന്നോട്ട് വന്നതോടെ പണമോ പലിശയോ നൽകാതെ ഇവർ സ്ഥാപനം പൂട്ടി ഒളിവിൽ പോയി. തുടർന്ന് ലഭിച്ച പരാതിയിൽ നെടുമ്പാശ്ശേരി പോലീസാണ് സാമ്പത്തിക തട്ടിപ്പ് കേസ് രജിസ്റ്റർ ചെയ്ത് പ്രതികളെ പിടികൂടിയത്.
സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടറാണ് ഒന്നാംപ്രതി. രണ്ടും മൂന്നും പ്രതികൾ ഡയറക്ടർമാരുമായിരുന്നു. കേരളത്തിലെ നിക്ഷേപകരെ കബളിപ്പിച്ച് പണംതട്ടുന്ന വ്യാജ ഫിനാൻസ് സ്ഥാപനങ്ങൾക്കെതിരേയുള്ള ആദ്യ വിധിയാണ് ആലപ്പുഴ കോടതിയിൽ നടന്നത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എൻ ബി ശാരി ഹാജരായി.