എ.ഡി.എം. കെ. നവീൻ ബാബുവിന്റെ മരണം; രേഖകളിൽ അവ്യക്തത; കൈക്കൂലി ആരോപണം ഉന്നയിച്ച പ്രശാന്തിനെ പോലീസ് വീണ്ടും ചോദ്യം ചെയ്തു

Update: 2024-10-21 13:13 GMT

കണ്ണൂർ: എ.ഡി.എം. കെ. നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച ടി.വി. പ്രശാന്തന്റെ മൊഴി പോലീസ് വീണ്ടും രേഖപ്പെടുത്തി. പെട്രോൾപമ്പിന് എതിർപ്പില്ലാരേഖ (എൻ.ഒ.സി.) കിട്ടാൻ കൈക്കൂലി നൽകിയെന്ന് ആരോപണമാണ് പരിയാരം മെ‍ഡിക്കൽ കോളേജ് ജീവനക്കാരനായ പ്രശാന്ത് ഉന്നയിച്ചിരുന്നത്. കണ്ണൂർ‌ ടൗൺ സ്റ്റേഷനിൽ വെച്ചാണ് മൊഴിയെടുത്തത്. കഴിഞ്ഞ വെള്ളിയാഴ്ചയും ഇദ്ദേഹത്തിന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു.

പരാതിയിൽ പറയുന്ന വിവിധ രേഖകളിലെ അദ്ദേഹത്തിന്റെ ഒപ്പും പേരുമെല്ലാം ബന്ധപ്പെട്ട് അവ്യക്തത നിലനിന്നിരുന്നു. ഇക്കാര്യങ്ങളിലെല്ലാം വ്യക്തത വരുത്തുന്നതിനാണ് പോലീസ് പ്രശാന്തനെ വീണ്ടും വിളിച്ചുവരുത്തിയിരിക്കുന്നത്.

അതേസമയം, പരിയാരം മെഡിക്കല്‍ കോളെജിലെ ജീവനക്കാരനായ ടിവി പ്രശാന്തിനെ പുറത്താക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ് അറിയിച്ചു. പ്രശാന്ത് സർക്കാർ ജീവനക്കാരനല്ലെന്നും മന്ത്രി പറഞ്ഞു. കൂടാതെ കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി ആരോഗ്യവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി നാളെ പരിയാരത്തെത്തുമെന്നും അറിയിച്ചു.

അതേസമയം, പെട്രോള്‍ പമ്പ് തുടങ്ങാന്‍ കുറഞ്ഞ ചെലവ് സ്ഥലത്തിന്റെ വില കണക്കിലെടുക്കാതെ തന്നെ രണ്ടുകോടിയോളം രൂപവരും. പരിയാരം മെഡിക്കല്‍ കോളേജിലെ സാധാരണ ജീവനക്കാരനായ പ്രശാന്തിന്റെ ഇതിനുള്ള സാമ്പത്തികസ്രോതസ്സ് എന്താണ് എന്ന ചോദ്യം വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നിരുന്നു.

Tags:    

Similar News