പാനൂര്‍ മേഖലയിലെ ക്ഷേത്രങ്ങളില്‍ നിരന്തരം കവര്‍ച്ച നടത്തി പോലീസിന് തലവേദനയായ മോഷ്ടാവ് പിടിയില്‍; കുഞ്ഞിക്കണ്ടി അബ്ദുള്ളയെ പൊക്കിയത് പാനൂര്‍ സിഐയും സംഘവും
പാനൂര്‍ മേഖലയിലെ ക്ഷേത്രങ്ങളില്‍ നിരന്തരം കവര്‍ച്ച നടത്തി പോലീസിന് തലവേദനയായ മോഷ്ടാവ് പിടിയില്‍
കണ്ണൂര്‍: പാനൂര്‍ മേഖലയിലെ വിവിധ ക്ഷേത്രങ്ങളില്‍ ഭണ്ഡാര മോഷണം നടത്തിയ മോഷ്ടാവ് റിമാന്‍ഡില്‍. നാദാപുരം സ്വദേശിയായ കുഞ്ഞിക്കണ്ടി അബ്ദുള്ള (60)യാണ് പിടിയിലായത്. പാനൂര്‍ സി.ഐ എം.വി. ഷീജുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം മംഗ്‌ളൂരില്‍ വെച്ചാണ് പ്രതിയെ പിടികൂടിയത്.
പുത്തൂര്‍ കുയിമ്പില്‍ ക്ഷേത്രം, എലാങ്കോട് ശ്രീ മഹാവിഷ്ണു ഭദ്രകാളി ക്ഷേത്രം, ചെറുപ്പറമ്പ് പുറ്റുവന്‍ കാവ് ഭഗവതി ക്ഷേത്രം, പൂക്കോം കല്ലുള്ള പുനത്തില്‍ ക്ഷേത്രം, തൂവ്വക്കുന്ന് അയ്യപ്പമഠം തുടങ്ങി പാനൂര്‍ പരിസരത്തെ നിരവധി ആരാധനാലയങ്ങളില്‍ ഇയാള്‍ മോഷണം നടത്തിയിരുന്നു. മിക്കയിടങ്ങളിലും ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്നാണ് കാണിക്കപ്പണം കവര്‍ന്നിരുന്നത്.
പാനൂരിന് പുറമെ എടച്ചേരി, കുറ്റ്യാടി പോലീസ് സ്റ്റേഷന്‍ പരിധികളിലും പ്രതിക്കെതിരെ സമാനമായ മോഷണക്കേസുകളുണ്ട്. വിവരമറിഞ്ഞ് വിവിധ സ്റ്റേഷനുകളില്‍ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥര്‍ പാനൂരിലെത്തി തെളിവെടുപ്പ് നടത്തി.. എസ്.ഐ പി.ആര്‍. ശരത്ത്, എ.എസ്.ഐ നിവേദ്, ബൈജു, എസ്.സി.പി.ഒ ഫൈസല്‍ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ തലശേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പാനൂര്‍ മേഖലയില്‍ നിരന്തരം മോഷണം നടത്തി തലവേദനയായി മാറിയ മോഷ്ടാവ് പൊലീസ് പിടിയിലായത് നാട്ടുകാര്‍ക്ക് ആശ്വാസമായിട്ടുണ്ട്. നേരത്തെ സമാനമായ കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങി മുങ്ങിയതിന് പ്രതിക്കെതിരെ വാറന്‍ ഡ് നിലനില്‍ക്കുന്നുണ്ട്. മോഷണമുതല്‍ വിറ്റു കിട്ടുന്ന പണം കൊണ്ട് ബംഗ്‌ളൂര് , മൈസൂര് ,മംഗ്‌ളൂര് എന്നിവടങ്ങളില്‍ ലോഡ്ജില്‍ മുറിയെടുത്ത് ആര്‍ഭാട ജീവിതം നയിക്കലാണ് ഇയാളുടെ രീതിയെന്ന് പൊലിസ് പറഞ്ഞു.