ട്രെയിനിലെ ബർത്തിൽ ചാർജ് ചെയ്യാൻ വെച്ചിരുന്ന ഐഫോണുമായി മുങ്ങി; പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പൊക്കി പോലീസ്; പിടിയിലായത് കാപ്പാ കേസ് പ്രതി ഹരികൃഷ്‌ണൻ
കോഴിക്കോട്: യശ്വന്ത്പുർ എക്സ്പ്രസ് ട്രെയിനിൽ യാത്രക്കാരൻ്റെ ഐഫോൺ മോഷ്ടിച്ച കേസിൽ പിടിയിലായത് കാപ്പാ കേസ് പ്രതി. കുന്ദമംഗലം സ്വദേശി ഹരികൃഷ്ണനെ (27) കോഴിക്കോട് റെയിൽവേ പോലീസ് പിടികൂടിയത്. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നത്.
ട്രെയിനിലെ ബർത്തിൽ യാത്രക്കാരൻ ചാർജ് ചെയ്യാൻ വെച്ച ഐഫോൺ ആണ് പ്രതി മോഷ്ടിച്ചത്. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് റെയിൽവേ പോലീസ് ഉടൻ തന്നെ കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടുകയുമായിരുന്നു.
കോഴിക്കോട്, കണ്ണൂർ ജില്ലകളിലായി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഹരികൃഷ്ണൻ. മൊബൈൽ ഫോൺ മോഷണം, സ്വർണക്കവർച്ച, മർദ്ദനം, മയക്കുമരുന്ന് ഉപയോഗിച്ച് ആക്രമണം, ബൈക്ക് മോഷണം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഇയാൾ ഉൾപ്പെട്ടിട്ടുണ്ട്. നേരത്തെ ഇയാൾക്കെതിരെ കാപ്പ ചുമത്തിയിരുന്നെങ്കിലും, കാപ്പ നിയമം ലംഘിച്ചാണ് വീണ്ടും മോഷണത്തിനിറങ്ങിയതെന്ന് പോലീസ് അറിയിച്ചു. പിടിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.